വാമനപുരം: പ്രതിഷേധിക്കാൻ പണം നൽകണമെന്നും അതില്ലാത്തവൻ പ്രതിഷേധിക്കേണ്ട എന്നുമുള്ള നിലപാട് ഇടതു സർക്കാരിനെ പിടികൂടിയ ബൂർഷ്വാ ജ്വരമാണെന്ന്​ വെൽഫെയർ പാർട്ടി വാമനപുരം മണ്ഡലം കമ്മിറ്റി. ഭരണഘടനാ ദത്തമായ അവകാശത്തെ റദ്ദ് ചെയ്യുന്ന ഈ ഹീന കൃത്യത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വസികളും പ്രസ്ഥാനങ്ങളും ശക്തമായി പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സമരങ്ങളിലൂടെ വളർന്ന് അധികാരത്തിലെത്തിയപ്പോൾ ചങ്ങാത്ത മുതലാളിത്തത്തിനും തൊഴിലാളി വിരുദ്ധ ജനാധിപത്യവിരുദ്ധ നടപടിക്രമങ്ങൾക്കും ഒരു മറയും ലജ്ജയുമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പിണറായി സർക്കാരിന് ജനങ്ങളോട് തരിമ്പും കരുതലോ പരിഗണനയോ ഇല്ലാത്ത അവസ്ഥയാണ്. ജനാധിപത്യ മാർഗത്തിൽ സമാധാനപരമായി നടത്തിയ പൗരത്വ നിഷേധ സമര പ്രവർത്തകർക്കെതിരെ വ്യാപകമായി കേസ് ചാർജ് ചെയ്യുകയും അത് പിൻവലിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന പിണറായി സർക്കാർ തികഞ്ഞ കാപട്യവും പരാജയവുമാണ് എന്ന് തെളിയിച്ചു കൊണ്ട് ജനങ്ങളെ നിരന്തരം വെല്ലുവിളിക്കുകയാണ്. ഈ നടപടി തീർത്തും ജനങ്ങളെ വെല്ലുവിളിക്കലാണ്.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാമാന്യജനം കൃഷി ചെയ്യാനാവാതെ, ജോലിയോ വരുമാനമോ ലഭിക്കാതെ പ്രയാസപ്പെടുമ്പോൾ ധൂർത്തും ദുർവ്യവും കെടുകാര്യസ്ഥതയും അനീതി നിറഞ്ഞ ഭരണ നടപടികളും കൊണ്ട് അഹങ്കാരത്തോടെ ഭരിക്കുകയാണ്. രാജ്യത്തിൻറെ സർവ്വതും ചങ്ങാത്ത മുതലാളിമാർക്ക് കൊള്ള ചെയ്തു കൊടുക്കാനും ജനങ്ങളെ ദുരിതത്തിൽ ആഴ്ത്താനും മാത്രം ശ്രദ്ധ നൽകിയിരിക്കുന്ന കേന്ദ്രസർക്കാരും അതിനൊപ്പം മത്സരിക്കുന്ന സംസ്ഥാന സർക്കാരും ഒരേ തൂവൽ പക്ഷികളായി മാറിയിരിക്കുകയാണ്. ഫാസിസ്റ്റ് ജനവിരുദ്ധ നടപടിക്രമങ്ങളുമായി മുന്നേറുന്ന ഈ രണ്ടു സർക്കാരുകളെയും നിലക്കുനിർത്താൻ ജനങ്ങൾ തയാറാവണം, ശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം കൊടുക്കുക അല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന അവസ്ഥയിൽ രാജ്യം എത്തിനിൽക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പാർട്ടി മണ്ഡലത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ, ഭക്ഷണ വിതരണ പരിപാടികൾ, പഠനോപകരണ വിതരണ പരിപാടികൾ എന്നിവ വിലയിരുത്തിയ യോഗം മറ്റ് അനവധി ജനോപകാര പദ്ധതികൾ ആസൂത്രണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മധു കല്ലറ, പഞ്ചായത്ത് പ്രസിഡന്റ് നാസർ ചല്ലിമുക്ക്, സുഗു കാക്കാണിക്കര, ഷൈലജാ ബാബു, ഷജീനാ റഷീദ്, രജനി രാജ്, നസീർ മൗലവി എന്നിവർ സംസാരിച്ചു. യോഗത്തിൽ പ്രസിഡന്റ് എം.കെ ഷാജഹാൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ചക്കമല ഷാനവാസ് സ്വാഗതവും, ട്രഷറർ ഷബീർ പാലോട് നന്ദിയും പറഞ്ഞു.

Tags:    
News Summary - Welfare Party Vamanapuram mandalam Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.