തിരുവനന്തപുരം: കെട്ടിട നിർമാണ അപേക്ഷകൾക്ക് ഐ.ബി.പി.എം.എസ് വഴി ഓൺലൈനിലൂടെ അടക്കുന്ന പെർമിറ്റ് തുക ഏത് അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന് തിരിച്ചറിയാൻ കഴിയാതെ നഗരവാസികൾ. പണം അടക്കുമ്പോൾ തിരുവനന്തപുരം കോർപറേഷന്റെ രസീത് ലഭിക്കുമെങ്കിലും ഇടപാടു വിവരങ്ങൾ പലരും ബാങ്കിൽ പരിശോധിക്കുമ്പോൾ തുക പോകുന്നത് നഗരകാര്യ വകുപ്പിന്റെ വിവിധ അക്കൗണ്ടുകളിലേക്കാണ്. ഇക്കാര്യം കോർപറേഷനിൽ ആരായുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് അപേക്ഷകരുടെ പരാതി.
കെട്ടിടനിർമാണ പെർമിറ്റുകൾ ഓൺലൈനായി നൽകാനുള്ള സോഫ്റ്റ് വെയറാണ് ഐ.ബി.പി.എം.എസ്. ഇതു മുഖാന്തരം പെർമിറ്റ് ഫീസ് അടക്കുന്നത് ഓൺലൈൻ പേമെന്റ് വഴിയാണ്. എന്നാൽ, ഈ തുക കോർപറേഷന്റെ ഏത് അക്കൗണ്ടിലാണ് വരുന്നതെന്നോ ഈയിനത്തിൽ ആകെ ലഭിച്ചത് എത്ര രൂപയാണെന്നോ കോർപറേഷൻ ടൗൺ പ്ലാനിങ് അക്കൗണ്ട് വിഭാഗത്തിന് വ്യക്തതയില്ലെന്ന് ഓഡിറ്റ് സംഘം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഈ സോഫ്റ്റ് വെയർ വഴി കെട്ടിടനിർമാണ പെർമിറ്റുകൾ നൽകുന്നുണ്ടെങ്കിലും വിവരങ്ങൾ ടൗൺ പ്ലാനിങ്ങിലോ അക്കൗണ്ട്സ് വിഭാഗങ്ങളിലോ ഇല്ലെന്ന് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വിഷയത്തിൽ ആശങ്ക വേണ്ടെന്നും നഗരകാര്യ വകുപ്പിന്റെ അക്കൗണ്ടിലേക്ക് എത്തുന്ന പണം കൃത്യമായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നൽകുന്നുണ്ടെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.