തിരുവല്ലം: നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കഴക്കൂട്ടം-കാരോട് ബൈപാസിലെ തിരുവല്ലത്ത് തൽക്കാലം ടോൾ പിരിവ് വേണ്ടെന്ന് തീരുമാനിച്ചു. ടോൾ പിരിവ് തുടങ്ങുന്നതിനുള്ള ട്രയൽ റൺ ആരംഭിക്കുന്നതിനാണ് ദേശീയപാത അധികൃതർ തീരുമാനിച്ചിരുന്നത്.അവശേഷിക്കുന്ന റോഡിെൻറ നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിവ് നടത്താൻ അനുവദിക്കില്ലെന്ന് കാട്ടി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെയും സി.പി.എം തിരുവല്ലം ലോക്കൽ കമ്മിറ്റിയുടെയും പ്രവർത്തകർ ടോൾ പ്ലാസയിൽ ഉപരോധ സമരം നടത്തി.
ഇരുവിഭാഗം പ്രവർത്തകരും ടോൾ പ്ലാസയിലേക്ക് തള്ളിക്കയറിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ നീക്കാൻ ശ്രമിെച്ചങ്കിലും കഴിഞ്ഞില്ല. പ്രവർത്തകർ വാഹനങ്ങൾ തടയുമെന്ന സാഹചര്യമെത്തിയതോടെ പൊലീസ് ദേശീയപാത അധികൃതരെ അറിയിച്ചു. ഇതേതുടർന്ന് ദേശീയപാത ലെയ്സൺ ഓഫിസർ എം.കെ. റഹ്മാൻ, സൈറ്റ് എൻജിനീയർ ഭാരതി എന്നിവർ സ്ഥലത്തെത്തി.
ടോൾ ഗേറ്റിൽനിന്ന് 25 കിലോമീറ്റർ പരിധിക്കുള്ളിലുള്ള പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത എം. വിൻസെൻറ് എം.എൽ.എ പറഞ്ഞു. കൂടാതെ കോവളം പോറോട്ടുകുളം സർവിസ് റോഡ് നിർമാണം പൂർത്തീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
സി.പി.എം തിരുവല്ലം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകരും ആവശ്യങ്ങളുന്നയിച്ചു. ടോൾപ്ലാസയുടെ പരിധിയിലുള്ള ആറ് വാർഡുകളിലുള്ളവർക്ക് ടോൾ സൗജന്യമാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.പി.എം ലോക്കൽ കമ്മിറ്റിയംഗം തിരുവല്ലം ഉദയൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ടോൾ ഗേറ്റിെൻറ പരിധിയിലുള്ള സർവിസ് റോഡ് പൂർത്തീകരിക്കുക, ഈ ഭാഗങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള സംവിധാനം സജ്ജമാക്കുക എന്നീ ആവശ്യങ്ങളാണ് സി.പി.എം മുന്നോട്ടുെവച്ചത്. തുടർന്ന് ടോൾ പിരിക്കാനുള്ള ബുധനാഴ്ചത്തെ ട്രയൽ റൺ നിർത്തിവെച്ചു. കലക്ടറുടെ സാന്നിധ്യത്തിൽ സർവകക്ഷിയോഗം വിളിച്ചശേഷം തീരുമാനമെടുക്കാമെന്ന ദേശീയപാത അധികൃതരുടെ ഉറപ്പിൻമേൽ രണ്ട് പാർട്ടികളും ഉപരോധസമരം അവസാനിപ്പിച്ചു. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.