വിതുര: മലയോര മേഖലയിൽ വന്യമൃഗ ശല്യം തുടർക്കഥയായിട്ടും അധികൃതർക്ക് കുലുക്കമില്ലെന്ന് ആക്ഷേപം. വന്യജീവി ശല്യം തടയാൻ വനം വകുപ്പിന്‍റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആരംഭിച്ച ജാഗ്രത സമിതികളുടെ പ്രവർത്തനം നിശ്ചലമായിട്ട് മാസങ്ങളായി.
കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതും വഴിയാത്രക്കാരെ ആക്രമിക്കുന്നതും പതിവായി. ബോണക്കാട് ജോലികഴിഞ്ഞ് വിതുര ഐസറിനു സമീപത്തെ വീട്ടിലേക്ക് വരുകയായിരുന്ന നിർമാണത്തൊഴിലാളികളെ കാട്ടാന ആക്രമിച്ചത് കഴിഞ്ഞ ആഴ്ചയാണ്.
വനം വകുപ്പിനുകീഴിലുള്ള കാണിത്തടം ചെക് പോസ്റ്റിനടുത്തുള്ള വളവിലായിരുന്നു ആക്രമണം. ആന അടുത്തേക്ക് വരുന്നതു കണ്ട് ഭയന്നു ബൈക്ക് തിരിക്കവെ, തുമ്പിക്കൈകൊണ്ടുളള ആക്രമണത്തിൽ പിൻസീറ്റ് യാത്രക്കാരനായ തേവിയോട് സ്വദേശി മഹേഷ് (42) റോഡിൽ തെറിച്ചുവീണു.
ബൈക്ക് ഓടിച്ച ബോണക്കാട് സ്വദേശി പ്രിൻസ് മോഹനനും (36) പരിക്കേറ്റ് ചികിത്സയിലാണ്. ഇരുവർക്കും അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കണമെന്നും അടിക്കടിയുള്ള കാട്ടാന ആക്രമണത്തിന് അറുതി വരുത്തണമെന്നും സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ചികിത്സയിൽ കഴിയുന്ന മഹേഷിനെ വീട്ടിൽ സന്ദർശിച്ച അദ്ദേഹം, വന്യജീവി ശല്യത്തിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് വനം മന്ത്രിക്ക് നിവേദനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, അംഗം ആർ.കെ. ഷിബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മഞ്ജുഷാ ജി. ആനന്ദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കല്ലാർ വിക്രമൻ, ബിനോയ് തള്ളച്ചിറ, മരുതാമല ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത്, അനി തോമസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.