കുറ്റിച്ചല്‍: അഗസ്ത്യവനത്തിലെ ഗോത്രവിഭാഗക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിനല്‍കുമെന്ന് വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. വനിത കമീഷന് അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്, വി.ആര്. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന് എന്നിവര്‍ക്കൊപ്പം പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ഗോത്രമേഖലയിലെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
മറ്റ് ജില്ലകളില്‍നിന്ന് വ്യത്യസ്തമായി കോട്ടൂര്‍ ഗോത്രമേഖല നഗരപ്രദേശങ്ങളില്‍നിന്ന് ഒറ്റപ്പെട്ടതാണ്. കൈവശാവകാശമുള്ള ഭൂമിയിലുള്ള കാര്‍ഷികവിളകളാണ് ഇവരുടെ ഉപജീവനമാര്‍ഗം. പരമ്പരാഗത കാര്‍ഷിക രീതികളാണ് ഇപ്പോഴും അവലംബിക്കുന്നത്. ഇവര്‍ക്ക് നൂതനമായ കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തി നല്‍കുന്നതിന് ആവശ്യമായ പരിശീലനം ആവശ്യമാണ്. റബര്‍, കുരുമുളക്, മഞ്ഞള്‍, അടയ്ക്ക തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് കുട്ടികൾ പഠനം നിര്‍ത്തുന്നതായി ബോധ്യപ്പെട്ടു. ദൂരസ്ഥലങ്ങളില്‍ പോയി പി.എസ്.സി പരിശീലനം നേടാനുള്ള സാഹചര്യവുമില്ല. വയോജനങ്ങള്‍ക്ക് പെന്ഷന് വീടുകളില്‍ എത്തിച്ചുനല്‍കുന്നതിന് ക്രമീകരണം ഒരുക്കണം.
ഗോത്ര മേഖലയിലെ ക്ഷേമപദ്ധതികളെപറ്റി ആളുകള്‍ക്ക് ധാരണയില്ലെന്ന് ബോധ്യമായി. ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ പഞ്ചായത്ത്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്, വനിത കമീഷന് പ്രോജക്ട് ഓഫിസര്‍ എന്‍. ദിവ്യ, റിസര്‍ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.