കാട്ടാനശല്യം: പാടന്തറയിൽ ജനങ്ങൾ റോഡ് ഉപരോധിച്ചു

ഗൂഡല്ലൂർ: മാസങ്ങളായി പാടന്തറ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനക്കൂട്ടത്തെ താപ്പാനകളെ കൊണ്ട് ദൂരെ വനത്തിലേക്കു വിരട്ടുകയോ പിടികൂടി മുതുമല കടുവാസങ്കേതത്തിൽ എത്തിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പാടന്തറ ജങ്​ഷനിൽ റോഡ് ഉപരോധിച്ചത്. വിവിധ രാഷ്​ട്രീയ പാർട്ടി നേതാക്കൾ, പാടന്തറ ജനറൽ കൗൺസിൽ പ്രതിനിധികൾ, വ്യാപാരികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, കർഷകർ, കൂലിത്തൊഴിലാളികൾ അടക്കമുള്ള അഞ്ഞൂറോളംപേർ പങ്കെടുത്തു. ദേവർഷോല പഞ്ചായത്തിലെ ചെളുക്കാ ടി, കുരുട്ടുകൊല്ലി, കോൽക്കെട്ട് സോമന്തര, പുഴുകൊല്ലി, കറക്കപ്പാളി കെണിയംവയൽ, വാച്ചികൊല്ലി, മൂന്നാം ഡിവിഷൻ, മാരക്കര ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വീടുകൾ തകർത്തും കൃഷിനാശവും വരുത്തി ഒരു ഒറ്റയാനും മറ്റ് ഒരു കുട്ടിയടക്കമുള്ള ആനക്കൂട്ടം മേഖലയിൽ ഭീതി പരത്തുകയാണ്. ആനകൾ ഇറങ്ങിയാൽ വനപാലകർ എത്തുന്നുണ്ടെങ്കിലും വാഹനത്തിൽ പിന്തുടരുന്നതല്ലാതെ ദൂരെക്കു വിരട്ടുന്നില്ല. പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. വെള്ളിയാഴ്ച രാത്രി ഏഴിനാണ്​ കുരുട്ടുകൊല്ലിയിലെ അമൃതലിംഗത്തി​‍ൻെറ ഭാര്യ മഹേശ്വരിക്ക് വീണ് പരുക്കേറ്റത്. വീടി​‍ൻെറ അടുക്കള ഭാഗത്ത് എത്തിയ ഒറ്റയാനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീഴുകയായിരുന്നു. ഇതോടെയാണ് ജനങ്ങൾ പ്രതിഷേധിക്കാൻ ഒരുങ്ങിയത്. ആനകളെ വിരട്ടാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ ഓംകാർ യ ഉറപ്പ് പറഞ്ഞതോടെയാണ് രണ്ടു മണിക്കൂറിനു ശേഷം ഉപരോധം പിൻവലിച്ചത്. റോഡ് ഉപരോധംമൂലം ഗൂഡല്ലൂർ-പാട്ടവയൽ-സുൽത്താൻബത്തേരി അന്തർസംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.