വയനാട്ടിൽ 1318 കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡ് ലഭിക്കും

കൽപറ്റ: ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 1318 കുടുംബങ്ങൾക്കുകൂടി സിവിൽ സപ്ലൈസ് വകുപ്പ് മുൻഗണന റേഷൻ കാർഡ് അനുവദിക്കും. ഏപ്രിൽ 27നാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. 83 താലൂക്കുകളിലായി 97,260 കാർഡുടമകൾക്കാണ് സംസ്ഥാനത്ത് പുതുതായി മുൻഗണന കാർഡുകൾ ലഭിക്കുക.

കൊല്ലം താലൂക്കിലാണ് ഏറ്റവും കൂടുതൽ മുൻഗണന കാർഡുകൾ അനുവദിക്കുക. ഇവിടെ 5345 കുടുംബങ്ങൾ മുൻഗണന വിഭാഗത്തിലാവും. ജില്ലയിൽ വൈത്തിരി താലൂക്കിലാണ് കൂടുതൽ കുടുംബങ്ങൾക്ക് മുൻഗണന കാർഡ് ലഭിക്കുക. 643 കുടുംബങ്ങൾ മുൻഗണന കാർഡിന് അർഹരാവും. മാനന്തവാടിയിലാണ് കുറവ്.

207 കുടുംബങ്ങളാണ് മാനന്തവാടിയിൽ മുൻഗണന പട്ടികയിൽ പുതുതായി ഇടംപിടിക്കുക. സുൽത്താൻ ബത്തേരി താലൂക്കിൽ 468 റേഷൻ കാർഡുകളും മുൻഗണന കാർഡുകളാവും. ജില്ലയിൽ നിലവിൽ 8,81,990 അംഗങ്ങൾ ഉൾപ്പെടുന്ന 2,30,878 റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 53,811 എ.എ.വൈ (അന്ത്യോദയ അന്ന യോജന) കാർഡുകളും 71,937 മുൻഗണന കാർഡുകളുമാണ്. നിശ്ചിത ശതമാനം ഉപഭോക്താക്കളെ മാത്രമാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയൂ. അതിനാൽ, ഒഴിവുവരുന്ന മുറക്കാണ് പുതിയ അർഹരായവർക്ക് മുൻഗണന റേഷൻ കാർഡ് നൽകുന്നത്.

അനർഹമായി മുൻഗണന കാർഡ് കൈവശം വെക്കുന്നവർ അർഹരായവരുടെ ആനുകൂല്യമാണ് തടയുന്നത്. സ്വമേധയാ കാർഡ് സറണ്ടർ ചെയ്യുന്ന അനർഹർക്കെതിരെ നടപടിയുണ്ടാവില്ല. എന്നാൽ, ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തുന്നതാണെങ്കിൽ കാർഡുടമകളിൽനിന്ന് അതുവരെ അനർഹമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ വില ഈടാക്കും.

മുൻഗണന വിഭാഗത്തിൽ അർഹതയുണ്ടായിട്ടും മുൻഗണനേതര കാർഡുടമകളായിരുന്ന 6396 ഉപഭോക്താക്കളുടെ കാർഡുകൾ നേരത്തേയും ജില്ലയിൽ മാറ്റിനൽകിയിരുന്നു. മാനന്തവാടി താലൂക്കിൽ 2877 ഉപഭോക്താക്കളുടെ മുൻഗണനേതര റേഷൻ കാർഡ് മാറ്റി മുൻഗണന കാർഡ് നൽകി.

സുൽത്താൻ ബത്തേരി താലൂക്കിൽ 2364ഉം വൈത്തിരി താലൂക്കിൽ 1155 കുടുംബങ്ങൾക്കും മുൻഗണന കാർഡ് നേരത്തേ നൽകിയിരുന്നു.

അനുവദിക്കുന്ന മുൻഗണന കാർഡുകൾ

വൈ ത്തിരി താലൂക്ക് -643

സുൽത്താൻ ബത്തേരി -468

മാനന്തവാടി താലൂക്ക് -207

റേഷൻ കാർഡ് മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള മാനദണ്ഡങ്ങൾ

• നിർധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം, വിധവ ഗൃഹനാഥയായ (21നു മുകളിൽ പ്രായമായ പുരുഷന്മാരില്ലാത്ത) കുടുംബം, അവിവാഹിതയായ അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവരാൽ നയിക്കപ്പെടുന്ന കുടുംബം.

• തദ്ദേശ വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ (സാമ്പത്തിക സ്ഥിതിയിൽ മാറ്റം വന്നിട്ടില്ലെങ്കിൽ).

• പട്ടിക വർഗം.

• ആശ്രയ പദ്ധതിയിൽ അംഗങ്ങളായുള്ളവർ (തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പട്ടിക പ്രകാരം സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച വന്നിട്ടില്ലെങ്കിൽ).

• കുടുംബത്തിൽ ആർക്കെങ്കിലും താഴെ പറയുന്ന ഗുരുതര രോഗങ്ങളുണ്ടെങ്കിൽ: എയ്ഡ്സ്, അർബുദം, ഓട്ടിസം, ശാരീരിക മാനസിക വെല്ലുവിളികൾ, സ്ഥിരമായ കുഷ്ഠം അല്ലെങ്കിൽ എൻഡോസൾഫാൻ ബാധിതർ, സ്ഥിരമായ ഡയാലിസിസിനു വിധേയരാകുന്നവർ, ഹൃദയം, കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർ, പക്ഷാഘാതം പോലുള്ള രോഗങ്ങളാൽ പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കാത്തവർ. ശരീരം തളർന്ന് ശയ്യാവലംബിയായവർ.

• പരമ്പരാഗത അസംഘടിത തൊഴിലാളികളുടെ കുടുംബങ്ങൾ.

Tags:    
News Summary - 1318 families will get priority ration card in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.