ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ ഹ​രി​ത ബ​യോ പ്ലാ​ന്റ് ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ക്കു​ന്നു

20 ലക്ഷം യുവജനങ്ങൾക്ക് അഞ്ചു വർഷംകൊണ്ട് തൊഴിൽ -മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

കൽപറ്റ: സംസ്ഥാനത്തെ 20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് അഞ്ചുവർഷം കൊണ്ട് തൊഴിൽ നൽകുമെന്ന് തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ. 'ക്ലീൻ കൽപറ്റ' പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച ഹരിത ബയോ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗാർഥികൾക്ക് വീട്ടിൽ അല്ലെങ്കിൽ വീട്ടിനരികിൽ ഇരുന്നുകൊണ്ട് ജോലിചെയ്യാനുള്ള സാഹചര്യമാണ് ഒരുക്കുക. കുടുംബശ്രീയും ഓക്സിലറി ഗ്രൂപ്പുകളും ചേർന്ന് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ 53 ലക്ഷം പേർക്ക് കേരളത്തിൽ ജോലി വേണം. പ്ലസ് ടു പാസായതും 59 വയസിൽ താഴെയുള്ളവരുമാണ് ഇവർ. ഏകദേശം 29 ലക്ഷം പേർ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഇവർക്കെല്ലാം ജോലി കൊടുക്കാനുള്ള തയാറെടുപ്പുകളാണ് സർക്കാർ നടത്തുന്നത്.

ഉദ്യോഗാർഥികളുമായി സംസാരിച്ച് അവരവരുടെ താൽപര്യങ്ങളും യോഗ്യതകളും മനസിലാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഡാറ്റ അനലൈസ് ചെയ്തു സൂക്ഷിക്കും. ഒക്ടോബറോടെ പ്രത്യേക പോർട്ടൽ തയ്യാറാക്കി ലോകത്താകമാനമുള്ള 3000 ത്തോളം കേന്ദ്രങ്ങളിലെ തൊഴിൽദാതാക്കളുമായി ബന്ധപ്പെടുത്തും. ഉദ്യോഗാർഥികൾക്ക് അവരുടെ മൊബൈലിലൂടെ തന്നെ തൊഴിൽ സാധ്യതകൾ മനസിലാക്കാം. തൊഴിൽ നൈപുണ്യം നൽകുന്നതിനായി ബ്രിട്ടീഷ് കോൺസലുമായി കരാർ വെച്ചിട്ടുണ്ട്. ഇംഗ്ലീഷ് സ്കിൽ വേണ്ടവർക്ക് അതിന് അനുയോജ്യമായ പരിശീലനം നൽകും. പാവപ്പെട്ടവരും ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന നാടാണ് കേരളം. ഇത് ഇന്ത്യയിൽ മറ്റൊരിടത്തും കാണാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. കൽപറ്റ നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കലക്ടർ എ. ഗീത, കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ്, കൽപറ്റ നഗരസഭ വൈസ് ചെയർപേഴ്സൻ കെ. അജിത, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ അഡ്വ. ടി.ജെ. ഐസക്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ജൈന ജോയ്, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ അഡ്വ. എ.പി. മുസ്തഫ, പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ സരോജനി ഓടമ്പത്ത്, വിദ്യാഭ്യാസ സ്ഥിരംസമിതി കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ, എ.ഡി.എം എൻ.ഐ. ഷാജു, വാർഡ് കൗൺസിലർമാർ, നഗരസഭ ശുചിത്വ അംബാസഡർ അബു സലീം, തദ്ദേശ വകുപ്പ് ജോ. ഡയറക്ടർ പി. ജയരാജൻ, ശുചിത്വ മിഷൻ ജില്ല കോ ഓഡിനേറ്റർ വി.കെ. ശ്രീലത, ഹരിത കേരളം മിഷൻ ജില്ല കോ ഓഡിനേറ്റർ ഇ. സുരേഷ് ബാബു, നഗരസഭ അസി. എൻജിനീയർ വി.ജി. ബിജു, ഹെൽത്ത് ഇൻസ്പെക്ടർ കെ. സത്യൻ തുടങ്ങിയവർ സംസാരിച്ചു.

ക്ലീൻ കൽപറ്റയുടെ ഭാഗമായി നഗര ക്ലീൻ ഡ്രൈവിൽ പങ്കെടുത്ത സന്നദ്ധ സംഘടനകളെയും കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി കൽപറ്റ എസ്.കെ.എം.ജെ വിദ്യാർഥികൾ തയാറാക്കിയ ദേശീയപതാക മന്ത്രിക്ക് കൈമാറി.

Tags:    
News Summary - 20 lakh youth in five years Labor Minister M.V. Govindan Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.