കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.
നവംബര്‍ 26ലെ ദുരന്ത നിവാരണ വകുപ്പിന്റെ മാർഗനിര്‍ദേശ പ്രകാരം ഡി.ഡി.എം.എയുടെ അംഗീകാരത്തോടെ തയാറാക്കിയ ഒന്നാംഘട്ട പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട 388 കുടുംബങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കരട് ലിസ്റ്റ് കലക്ടറേറ്റ്, മാനന്തവാടി ആര്.ഡി.ഒ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും എല്‍.എസ്.ജി.ഡിയുടെ lsgkerala.gov.in, ജില്ല ഭരണകൂടത്തിന്റെ wayanad.gov.in വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും.
പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയ റേഷന്‍ കാര്‍ഡ് ജിയോ റഫറന്‍സ് പ്രാഥമിക വിവരമായി കണക്കാക്കി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹരിതമിത്രം ആപ്, കെ.എസ്.ഇ.ബി എന്നിവയുടെ ഗുണഭോക്തൃ ജിയോ റഫറന്‍സ് വിവരങ്ങള്‍, റാപ്പിഡ് വിഷ്വല്‍ സ്ക്രീനിങ് വിവരങ്ങള്‍, സര്‍ക്കാര്‍ അനുവദിച്ച വീട്ടുവാടക കൈപ്പറ്റിയവരുടെ വിവരങ്ങള്‍, സര്‍ക്കാര്‍ ക്വാർട്ടേഴ്സിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരുടെ വിവരങ്ങള്‍, പാടികളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.
ഒന്നാംഘട്ട പുനരധിവാസത്തില്‍ ഉള്‍പ്പെടുന്നവരുടെ കരട് പട്ടിക തയാറാക്കുന്നതിനുള്ള ചുമതല മാനന്തവാടി സബ് കലക്ടര്‍ക്കായിരുന്നു. ഈ പട്ടിക മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിലവില്‍ തയാറാക്കിയിട്ടുള്ള പട്ടികയുമായി ഒത്തുനോക്കി അതില്‍ ഒഴിവാക്കപ്പെട്ടതും അധികമായി ഉള്‍പ്പെട്ടതുമായ കുടുംബങ്ങളുടെ വിവരങ്ങള്‍ പഞ്ചായത്തില്‍നിന്ന് ലഭ്യമാക്കി ആവശ്യമായ പരിശോധനകള്‍ക്കുശേഷം ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ വെള്ളിയാഴ്ച നടന്ന യോഗത്തില്‍ കരട് ലിസ്റ്റ് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്‍കുകയുമായിരുന്നു.
പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങള്‍ പരിശോധിക്കാല്‍ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫിസുകളില്‍ ഹെല്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ 2025 ജനുവരി 10ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ആക്ഷേപങ്ങള്‍ വൈത്തിരി താലൂക്ക് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫിസുകളിലും subcollectormndy@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കും. ഓഫിസുകളിലും ഓണ്‍ലൈനായും സ്വീകരിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കും കൈപ്പറ്റ് രസീത് നല്‍കും. കരട് പട്ടികയിലെ ആക്ഷേപങ്ങളില്‍ സബ് കലക്ടര്‍ സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കി ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കും.
ദുരന്തനിവാരണ അതോറിറ്റി പരാതിക്കാരെ നേരില്‍ക്കണ്ട് ആക്ഷേപത്തില്‍ തീര്‍പ്പ് കൽപിക്കും. ആക്ഷേപങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി മുതല്‍ 30 ദിവസത്തിനകം ദുരന്തനിവാരണ അതോറിറ്റി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും സര്‍ക്കാറിലെ ദുരന്തനിവാരണ വകുപ്പിലാണ് നല്‍കേണ്ടത്. അപകടമേഖലയിലെ വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളില്‍ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.