23 ഇനം അധിനിവേശ സസ്യങ്ങളാണ് വയനാട് വന്യജീവി സങ്കേതത്തില്‍ തഴച്ചുവളരുന്നത്. സെന്ന എന്ന് സ്വര്‍ണക്കൊന്ന പോലുള്ള വിദേശ സസ്യങ്ങൾ ദ്രുതഗതിയിലാണ് ഇവിടെ ആധിപത്യമുറപ്പിക്കുന്നത്. വന്യ ജീവികൾക്കാവശ്യമായ ഭക്ഷണത്തിന് ക്ഷാമം നേരിടാനും ജല ദൗർലഭ്യത്തിനും അടിക്കാടുകൾ നശിക്കാനും വിദേശ സസ്യങ്ങൾ കാരണമാകുന്നു. ചില വിദേശ സസ്യങ്ങളുടെ ഗന്ധം മൃഗങ്ങൾക്ക് അസഹനീയമാകുന്നത് അവിടെ നിന്നും അവയെ മാറിത്താമസിപ്പിക്കാനും പ്രേരിപ്പിക്കുന്നു. നീലഗിരി ജൈവ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബന്ദിപ്പൂർ, നാഗര്‍ഹോള, കാവേരി, ബി.ആര്.ടി, നൂഗു, മുതുമല വനങ്ങളും അധിനിവേശ സസ്യങ്ങളുടെ പിടിയിലാണ്.
മൈകേനിയ മക്രാന്ത എന്നറിയപ്പെടുന്ന ധൃതരാഷ്ട്ര പച്ച, ലന്റാന, കൊങ്ങിണി, അരിപ്പൂചെടി, കമ്യൂണിസ്റ്റ് പച്ച, തൊട്ടാവാടി എന്നിവയെല്ലാം വിദേശ സസ്യങ്ങളാണെങ്കിലും സെന്ന എന്നറിയപ്പെടുന്ന സ്വർണക്കൊന്നയാണ് അധിനിവേശത്തിൽ വയനാൻ കാടുകളിലെ വില്ലൻ. വ്യാപകമായി വനത്തിന്റെ സ്വാഭാവിക ആവാസ്ഥ വ്യവസ്ഥ തകർക്കുന്നതിൽ സെന്നക്ക് വലിയ പങ്കുണ്ട്. മഞ്ഞക്കൊന്നയാണെന്ന ധാരണയിൽ സോഷ്യൽ ഫോറസ്ട്രി വിഭാഗം 1980കളിൽ വ്യാപകമായി ഈ ചെടി വളർത്താനുള്ള നടപടി സ്വീകരിച്ചിരുന്നു. 2012 ഓടെയാണ് ഇത് മഞ്ഞക്കൊന്നയുടെ രൂപ സാദൃശ്യമുള്ള സ്വർണക്കൊന്നയെന്ന സെന്നയാണെന്ന് തിരിച്ചറിയുന്നത്. ആ സമയത്ത് തന്നെ ഇവയെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഫണ്ടുകളുടെ അഭാവവും മറ്റും കാരണം വേണ്ടത്ര വിജയിച്ചില്ല. സെന്ന പോലുള്ള വിദേശ സസ്യങ്ങൾ വന്യമൃഗങ്ങൾ ഭക്ഷണമാക്കില്ല. വളവും വെള്ളവും പൂർണായും വലിച്ചെടുക്കാനുള്ള ശേഷിയുള്ള ഇത്തരം സസ്യങ്ങളുടെ സമീപത്ത് മറ്റൊരു സ്വദേശി സസ്യവും വളരുകയില്ലെന്ന് ഈ രംഗത്ത് 23 വർഷമായി പഠനം നടത്തുന്ന പി.എ. വിനയൻ പറയുന്നു. ഇതോടെ, ഭക്ഷണം ലഭിക്കാതാവുന്ന ആനയും കാട്ടുപോത്തുകളും മാനുമെല്ലാം തീറ്റ തേടി വനത്തിന് പുറത്തേക്ക് എത്തിയതോടെ, കടുവ പോലുള്ളവ മാംസഭുക്കുകൾ ഒരു വനത്തിൽ നിന്ന് മറ്റൊരു വനത്തിലേക്കുള്ള സഞ്ചാര പഥത്തിൽ വനത്ത് പുറത്ത് കാണപ്പെടുന്ന മാനുകളെയും കാട്ടുപോത്തുകളെയും വേട്ടയാടി വനത്തിന് വെളിയിൽ സ്ഥിരവാസമാക്കാനും തുടങ്ങി. അങ്ങനെ കാടും നാടും തിരിച്ചറിയാത്ത വിധം വന്യമൃഗങ്ങൾ വനത്തിന് പുറത്ത് സ്വൈര വിഹാരം നടത്താനും തുടങ്ങി.
സെന്നയെന്ന അധിനിവേശ സസ്യത്തെ പേപ്പർ വ്യവസായത്തിനുപയോഗിച്ചു മാതൃക കാണിക്കുകയാണ് തമിഴ്നാട്. തമിഴ്നാട് ന്യൂസ് പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡ് (ടി.എൻ.പി.എൽ) ആണ് സത്യമംഗലം, മുതുമല, ആനമല കടുവാസങ്കേതങ്ങളിലെ സ്വർണക്കൊന്ന മുറിച്ചുമാറ്റി കടലാസാക്കുന്നത്. ഓരോ ടണ്ണിനും 4200 രൂപ ടി.എൻ.പി.എൽ നൽകും. കഴിഞ്ഞ വർഷം തുടക്കമിട്ട പദ്ധതിയിലൂടെ മുതുമല, സത്യമംഗലം കാടുകളിൽനിന്നായി 493 ഹെക്ടറിലെ അധിനിവേശ സസ്യങ്ങൾ നിർമാർജനം ചെയ്തതായി മുതുമല കടുവാസങ്കേതം ഫീൽഡ് ഡയറക്ടർ ഡി. വെങ്കിടേഷ് പറയുന്നു. മഞ്ഞക്കൊന്നയിൽ നിന്നു മാത്രമായി ഏകദേശം 21,000 ടൺ അസംസ്കൃതവസ്തു പേപ്പർ നിർമാണത്തിനായി സംഭരിച്ചു. ഇതിൽ നിന്ന് 6000 മെട്രിക് ടൺ പേപ്പർ നിർമിക്കാനുമായി. തായ്വേരിനോടു ചേർന്നാണു മഞ്ഞക്കൊന്ന മുറിച്ചെടുക്കുന്നത്. ശേഷിക്കുന്ന ഭാഗം തൊലി ചെത്തിക്കളയും. ഇങ്ങനെ ഒരേ സ്ഥലത്തുനിന്ന് തുടർച്ചയായി മുറിച്ചുമാറ്റുന്നതിലൂടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ആ പ്രദേശത്തുനിന്ന് അധിനിവേശ സസ്യങ്ങളെ പൂർണമായി നിർമാർജനം ചെയ്യാനാകുമെന്നാണ് കരുതുന്നത്.
(നാളെ: കാടുപേക്ഷിക്കുന്ന വന്യമൃഗങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.