വയനാട് ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളിൽനിന്ന് വിജയിച്ച് നിയമസഭ സാമാജികരായി വണ്ടി കയറാനൊരുങ്ങുകയാണ് നിയുക്ത എം.എൽ.എമാർ. മികച്ച വിജയം കൊയ്തതിനു പിന്നാലെ സ്വന്തം മണ്ഡലത്തിലെ വികസന സ്വപ്നങ്ങളെ കുറിച്ചും മുഖ്യപരിഗണന നൽകുന്ന പദ്ധതികളെ കുറിച്ചും എം.എൽ.എമാർ പ്രതീക്ഷകൾ പങ്കുവെക്കുന്നു.
മാനന്തവാടി: മുൻ സർക്കാറിെൻറ അവസാനകാലത്ത് മാനന്തവാടിയിൽ അനുവദിച്ച മെഡിക്കൽ കോളജ് വയനാട്ടിലെ ജനങ്ങൾക്ക് പൂർണതോതിൽ പ്രയോജനപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് നിയുക്ത മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു. മെഡിക്കൽ കോളജ് അനുവദിക്കുകയും പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള തസ്തികകൾ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാൽ ജനങ്ങൾക്ക് പൂർണതോതിൽ ചികിത്സ സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഗുരുതര രോഗികളെ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ്. ഈ അവസ്ഥക്ക് മാറ്റം വരുത്തും. മാനന്തവാടി വഴി കടന്നുപോകുന്ന മലയോര ഹൈവേ യാഥാർഥ്യമാക്കും.
മുൻ സർക്കാറിെൻറ കാലത്ത് സർവേ ഉൾപ്പെടെ പ്രവർത്തനങ്ങൾ നടന്നിരുന്നു. തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കി എത്രയും പെട്ടന്ന് റോഡ് യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത യാഥാർഥ്യമാക്കാനുള്ള നടപടികൾക്ക് വേഗം കൂട്ടും. മണ്ഡലത്തിലെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ തുടരാനുള്ള ഇടപെടലുകൾ നടത്തും.
സുൽത്താൻ ബത്തേരി: മണ്ഡലത്തിൽ ഒരു സർക്കാർ കോളജ് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനാകും പ്രഥമ പരിഗണനയെന്ന് മൂന്നാമതും എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ഐ.സി. ബാലകൃഷ്ണൻ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോളജ് എൽ.ഡി.എഫ് പ്രധാന വിഷയമാക്കിയിരുന്നു. എന്നാൽ തെൻറ കുഴപ്പം കൊണ്ടല്ല കോളജ് യാഥാർഥ്യമാകാത്തതെന്നായിരുന്നു എം.എൽ.എയുടെ നിലപാട്.
മൂന്നു വർഷമായി കോളജിനായി നിരന്തരമായി നിയമസഭയിൽ ശബദമുയർത്തി. തുടർന്നാണ് ബജറ്റിൽ കോളജ് ഉൾപ്പെടുത്തിയത്. എന്നാൽ ഫണ്ട് അനുവദിച്ചുതരാൻ സർക്കാർ തയാറായില്ല. അതുകൊണ്ടാണ് കോളജ് വൈകുന്നതും. നായ്ക്കട്ടിയിൽ താൽകാലിക കോളജിനായി കെട്ടിടം കണ്ടെത്തിയിട്ടുണ്ട്.
മൂന്നു വർഷം വാടകയും കൊടുക്കേണ്ടതില്ല. അടുത്തുതന്നെ അവിടെ കോളജ് പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സ്ഥിരം കെട്ടിടം വരുന്നതുവരെ താൽക്കാലിക കെട്ടിടത്തിലായിരിക്കും കോളജ് പ്രവർത്തിക്കുക. വന്യമൃഗശല്യം സുൽത്താൻ ബത്തേരി മണ്ഡലത്തിൽ വലിയ പ്രശ്നമായി തുടരുന്നുണ്ട്. അതിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ഇടപെടലുകൾ നടത്തും.
കരിങ്കൽ മതിൽ, റെയിൽവേലി എന്നിവയൊക്കെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനുള്ള ശ്രമങ്ങളും അടുത്ത നിയമസഭയിൽ പ്രധാന്യത്തോടെ അവതരിപ്പിക്കും. റോഡുകൾ, പാലങ്ങൾ, ലിഫ്റ്റ് ഇറിഗേഷൻ എന്നിവ കൂടുതൽ വരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളും നടത്തുമെന്ന് ഐ.സി പറഞ്ഞു.
കൽപറ്റ: എല്ലാ സൗകര്യങ്ങളോടും കൂടിയ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ആരംഭിക്കുന്നതിന് സാധ്യത പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നിയുക്തി കൽപറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ്. മണ്ഡലത്തിൽ വരേണ്ടിയിരുന്ന മെഡിക്കൽ കോളജാണ് മാനന്തവാടിയിലേക്ക് മാറ്റിയത്.
മികച്ച ചികിത്സ സൗകര്യമുള്ള ഒരു ആശുപത്രി കൽപറ്റക്കാരുടെ ആവശ്യമാണ്. കാർഷിക മേഖലയുടെ പുനരുജ്ജീവനത്താനായി സമഗ്ര പദ്ധതി നടപ്പാക്കും. കാപ്പി, കുരുമുളക്, കമുക് എന്നിവയുടെ ഉൽപാദനം ഗണ്യമായി കുറയുകയാണ്. വാഴക്കർഷകരും പ്രതിസന്ധിയിലാണ്.
വിള വർധിപ്പിക്കുന്നതിനും സംഭരണം, വിപണനം എന്നിവക്കും സമഗ്ര കാർഷിക പദ്ധതി ആവിഷ്കരിക്കും. റീപ്ലാേൻറഷന് ധനസഹായം ലഭ്യമാക്കാൻ നടപടിയെടുക്കും. നീറ്റ്, ജെ.ഇ.ഇ ഉൾപ്പെടെ എല്ലാവിധ മത്സര പരീക്ഷകൾക്കും ജില്ലയിൽ ഒരു സെൻറർ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. നിലവിൽ കോഴിക്കോടും എറണാകുളത്തും പോയാണ് വിദ്യാർഥികൾ മത്സര പരീക്ഷ എഴുതുന്നത്.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും മുൻഗണന നൽകും.
ചുരം ബദൽപാത യാഥാർഥ്യമാക്കും. കൂടാതെ, ജില്ലയിലെ തന്നെ പാതകളുടെ വികസനത്തിന് തടസ്സമായി നിൽക്കുന്ന വനഭൂമിയും തോട്ടം ഭൂമിയും വിട്ടു കിട്ടുന്നതിന് ഇടപെടലുകൾ നടത്തും. കൽപറ്റയെ റെയിൽവേ ഭൂപടത്തിൽ ഉൾപ്പെടുത്തും. തോട്ടങ്ങളിൽ ലയങ്ങൾ നവീകരിക്കുന്നതിന് ആവശ്യമായ ഇടപെടലുകളുണ്ടാകും.
പരിസ്ഥിതി സൗഹൃദ ടൂറിസം പരിപോഷിപ്പിക്കും. രാഷ്ട്രീയം മറന്ന് വികസന പദ്ധതികൾ നടപ്പാക്കും. ഇതിനായി എം.പി, എം.എൽ.എ തദ്ദേശ സ്ഥാപന ഫണ്ടുകളും പുറത്തുനിന്നുള്ള സഹായങ്ങളും വിനിയോഗിക്കും. വന്യമൃഗശല്യം തടയുന്നതിന് അത്യാധുനിക സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.