പുൽപള്ളി: കനത്ത ചൂടിൽ കരിഞ്ഞുണങ്ങി കാർഷിക വിളകൾ. കേരള അതിർത്തിയിലെ മുള്ളൻകൊല്ലി പഞ്ചായത്തിലാണ് കാർഷികവിളകൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നത്. കനത്ത ചൂടേറ്റ് കുരുമുളകും കാപ്പിയുമടക്കമുള്ള വിളകൾ വ്യാപകമായി നശിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലയിൽ മറ്റു പലഭാഗങ്ങളിലും കഴിഞ്ഞ കുറേ ദിവസങ്ങളിലായി വേനൽ മഴ ലഭിക്കുന്നുണ്ട്. എന്നാൽ, പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മഴ തീരെ ലഭിച്ചിട്ടില്ല. ഇതോടെയാണ് വിളകൾ നശിക്കാൻ തുടങ്ങിയത്.
മുള്ളൻകൊല്ലി മേഖലയിലെ പ്രധാന കൃഷി കുരുമുളകാണ്. രോഗകീടബാധകൾ മൂലം മുൻവർഷങ്ങളിലും വ്യാപകമായി കൃഷി നശിച്ചിരുന്നു. അവശേഷിക്കുന്ന കൃഷിയാണ് വേനൽചൂടിൽ കരിഞ്ഞുണങ്ങുന്നത്. കവുങ്ങ് കൃഷിയും പലയിടങ്ങളിലും നശിച്ചു. നനക്കുന്ന തോട്ടങ്ങളിൽ മാത്രമാണ് അൽപമെങ്കിലും പച്ചപ്പുള്ളത്.
വേനൽമഴ കിട്ടാത്തതിനാൽ പകൽ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഇപ്പോൾ ക്ഷീരമേഖലയെ ആശ്രയിച്ചാണ് നല്ലൊരുപങ്ക് കർഷകരും ജീവിക്കുന്നത്. പച്ചപ്പുല്ല് കിട്ടാത്തതിനാൽ അവരും പ്രതിസന്ധികൾ നേരിടുന്നു. പാലുൽപാദനം നേർ പകുതിയായി കുറഞ്ഞു. കർണാടകയിൽ നിന്നും കൊണ്ടുവരുന്ന ചോളത്തണ്ടാണ് പലരും കാലികൾക്ക് തീറ്റയായി നൽകുന്നത്. കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടുണ്ട്. കുറേ വർഷങ്ങളായി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും കുറവ് മഴ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.