മുത്തങ്ങ ആനപ്പന്തിയിലേക്ക് മാറ്റിയ അരസിരാജ എന്ന വിളിപ്പേരുള്ള പി.എം-2നെ മര്യാദക്കാരനാക്കാനുള്ള പരിശീലനങ്ങൾ ആരംഭിച്ചു. കാട്ടിലും നാട്ടിലുമായി വിഹരിച്ച അരസിരാജയെ അനുസരണയുള്ള കുങ്കിയാനയാക്കി മാറ്റാനാണ് പാപ്പാന്മാരുടെ ശ്രമം. ഇതിനുള്ള നടപടികളാണ് ആനപ്പന്തിയിൽ ആരംഭിച്ചത്. ചൊവ്വാഴ്ച ഭക്ഷണം കൊടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
മനുഷ്യരെ കാണുമ്പോൾ കലികാണിക്കുന്ന ആന രണ്ടാഴ്ച കൊണ്ട് ഒതുങ്ങിത്തുടങ്ങുമെന്നാണ് വനം വകുപ്പ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, വന്യജീവികളെ ഇത്തരത്തിൽ പിടികൂടി സംരക്ഷിക്കുന്നതിന് വലിയ ചെലവാണ് വനംവകുപ്പിനുണ്ടാകുന്നത്. തിങ്കളാഴ്ച എത്തിയ അരസിരാജ ഏഴ് ലക്ഷത്തിന്റെ കൂട്ടിലാണ് കഴിയുന്നത്. ആനപ്പന്തിയിലെ പരിപാലന ചെലവിന് പുറമെ കുപ്പാടിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പിനും വലിയ ചെലവാണുള്ളത്.
മുമ്പ് പലയിടങ്ങളിൽ നിന്നും പിടിച്ച മൂന്ന് കടുവകൾ കുപ്പാടിയിലെ സാന്തന പരിചരണ കേന്ദ്രത്തിലുണ്ട്. കടുവകളുടെ ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ഓരോ മാസവും ലക്ഷങ്ങളാണ് വനംവകുപ്പ് ചെലവഴിക്കുന്നത്.
പരിചരണ കേന്ദ്രം സ്ഥാപിക്കാനായി കോടികൾ ചെലവഴിച്ചിരുന്നു. ഭാവിയിൽ കൂട് വെച്ച് പിടിക്കാൻ പോകുന്ന കടുവകളെയും കുപ്പാടിയിൽ പാർപിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.