ലക്ഷങ്ങൾ ചെലവഴിച്ച് സ്കൂൾ വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകിയും മേളകൾ നടത്തിയും വർഷാവർഷംപ്രതിഭകളെ വാർത്തെടുക്കുമ്പോഴും സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഇവരെവിടെ എന്ന ചോദ്യമാണ് വയനാട്ടിൽനിന്നുയരുന്നത്. കായികാധ്യാപകരുടെ നിർജീവതയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജില്ലയുടെ കായികമോഹത്തെ എങ്ങോട്ട് നയിക്കുന്നു എന്ന് ‘മാധ്യമം’ അന്വേഷിക്കുന്നു.
ജില്ലയിലെ പ്രമുഖ വിദ്യാലയത്തിൽ അസംബ്ലി നടക്കുകയാണ്. ജില്ല കായികമേളയിൽ പൊരുതി ജയിച്ച കുട്ടികളും അവർക്ക് നേതൃത്വംകൊടുത്ത കായികാധ്യാപകനും അവിടെയുണ്ട്. അവർ വലിയ പ്രതീക്ഷയിലാണ്. കളിക്കളത്തിൽ കരുത്തറിയിച്ച തങ്ങൾക്ക് കലാലയത്തിന്റെ അഭിനന്ദനപ്രവാഹത്തിന്റെ നിറവാർന്ന ചിത്രമാണ് അവരുടെ മനസ്സിൽ. ‘നമ്മുടെ വിദ്യാലയത്തിൽ കലോത്സവത്തിൽ പങ്കെടുത്തവർക്കും ജില്ല കായികമേളയിൽ വിജയിച്ചവർക്കും അഭിനന്ദനങ്ങൾ’ - പ്രധാനാധ്യാപിക ഒറ്റവാക്കിൽ കടമ നിർവഹിച്ചു. ചടങ്ങ് അവസാനിച്ചു. ജില്ല കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പും മിന്നുന്ന വിജയവും നേടി തിരിച്ചെത്തിയ വിദ്യാർഥികളും അവർക്ക് പരിശീലനം നൽകിയ അധ്യാപകനും അതോടെ നിരാശയുടെ ക്ലാസ് മുറികളിലേക്ക് മടങ്ങി.
കായിക മേഖലയിൽ ജില്ല നേരിടുന്ന അവഗണനയുടെയും താൽപര്യമില്ലായ്മയുടെയും നേരനുഭവത്തിന്റെ ചിത്രങ്ങളിലൊന്നുമാത്രമാണിത്. സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയ കുട്ടികളെപോലും നേരിട്ട് വിളിച്ച് അഭിനന്ദിക്കാൻ മടികാണിക്കുന്നതും അവഗണിക്കുന്നതും ഒറ്റപ്പെട്ട അനുഭവമല്ലെന്ന് കായികാധ്യാപകർതന്നെ ചൂണ്ടിക്കാട്ടുന്നു. വളരെ കഷ്ടപ്പെട്ട് വിജയംനേടി വരുമ്പോൾ പരിശീലകനെ അഭിനന്ദിക്കാൻ മനസ്സില്ലാത്ത ഇടങ്ങളിൽ എങ്ങനെയാണ് കായികമേഖല വളരുകയെന്ന് അവർ ചോദിക്കുന്നു.
മറ്റു ജില്ലകൾ കായിക ട്രാക്കിൽ മുന്നോട്ടു കുതിക്കുമ്പോൾ വയനാട് പിറകോട്ട് പറക്കുകയാണ്. നല്ല കഴിവുള്ള കായികാധ്യാപകർ ജില്ലയിലുണ്ടെങ്കിലും മത്സരങ്ങളിൽ ഈ വീറും വാശിയും തണുത്തുപോകുന്നത് കൂടെനിൽക്കാൻ ആരുമില്ലെന്ന അവസ്ഥകൊണ്ടു കൂടിയാണ്. സബ്ജൂനിയർ വിഭാഗം വടംവലിയിലും ഹാൻഡ് ബാളിലും ചാമ്പ്യന്മാരായ ടീമിനെയും കായികാധ്യാപകനെയും ആനയിച്ചുകൊണ്ടുപോകാൻ പി.ടി.എ ഭാരവാഹികളും അധ്യാപകരും എത്തിയത്, ആനപ്പാറയുടെ പ്രതീക്ഷ നൽകുന്ന അനുഭവമായി മറുവശത്തുണ്ട്. എന്നാൽ, ആദരവിനേക്കാൾ കൂടുതൽ അനാദരവാണ് ഈ മേഖലയിൽ ജില്ലയിൽ ഉണ്ടാകുന്നത്.
ആവശ്യത്തിന് ഉപകരണങ്ങളോ സംവിധാനങ്ങളോ ഒന്നും നൽകാതെയാണ് പലപ്പോഴും വിദ്യാലയങ്ങളിൽ കായികപരിശീലനം. പല വിദ്യാലയങ്ങളിലും 100 മീറ്റർ ഗ്രൗണ്ട് പോലും നിലവിലില്ല. മുണ്ടേരിയിലെ സിന്തറ്റിക് ട്രാക്കിൽ ജില്ല സ്കൂൾ കായികമേളക്ക് കൊടിയിറങ്ങിയപ്പോൾ പ്രതീക്ഷയുടെ പുതിയ പുലരികൾക്ക് പകരം വയനാടൻ അത്ലറ്റിക്സിനുമേൽ നിർവികാരതയുടെ മൂടുപടം വീണത് പരാധീനതകൾ മാത്രമേ പറയാനുള്ളൂ എന്നതുകൊണ്ടാണ്.
നീണ്ട കാലത്തെ മുറവിളിക്കൊടുവിൽ കഴിഞ്ഞ വർഷമാണ് മുണ്ടേരിയിൽ സിന്തറ്റിക് ട്രാക്ക് യാഥാർഥ്യമായത്. ജില്ലയുടെ കായികരംഗത്ത് അത് പുത്തൻ പ്രതീക്ഷയാണെങ്കിലും വിദ്യാലയങ്ങളിലെ കായിക മനസ്സിന്റെ മരവിപ്പ് അധ്യാപകരെയും നിഷ്ക്രിയരാക്കുന്നു. സൗകര്യപ്രദമായ മൈതാനമില്ലാത്ത ജില്ലയിലെ ബഹുഭൂരിപക്ഷം വിദ്യാലയങ്ങളിലും ‘സ്പോർട്സ്’ കാട്ടിക്കൂട്ടലുകൾ മാത്രമാണ്. അടിസ്ഥാന സൗകര്യമില്ലായ്മയാണ് കായികമേളകളിൽ വയനാടിനെ പിന്നാക്കം തള്ളുന്നതിലെ പ്രധാന കാരണം. നിലവിൽ, സിന്തറ്റിക് ട്രാക്ക് മാറ്റിനിർത്തിയാൽ ജില്ലയിൽ 400 മീറ്റർ ട്രാക്കുള്ള ഏക വിദ്യാലയം മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളാണ്.
ഈ ഗ്രൗണ്ടിന്റെ സ്ഥിതിയും പരിതാപകരമാണ്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികളാണ് ഭൂരിഭാഗം സ്പോർട്സ് താരങ്ങളും. പലപ്പോഴും സംസ്ഥാന മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സ്പൈക് അടക്കം അത്യാവശ്യ സാധനങ്ങൾ മറ്റുള്ളവരോട് കടം വാങ്ങേണ്ട അവസ്ഥയാണ്. ഓരോ പഞ്ചായത്തും കായിക ഇനങ്ങൾക്കായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഭരണസമിതിക്ക് താൽപര്യമുള്ളവ മാത്രമാണ് നടപ്പാക്കുന്നതെന്ന് ആക്ഷേപമുണ്ട്. പല സ്കൂളുകളിലും സ്പോർട്സ് പരിശീലനം നൽകുന്നില്ല.
കായിക അധ്യാപകരും പരിമിതമാണ്. പ്രധാനാധ്യാപകർക്ക് സ്പോർട്സ് താൽപര്യമില്ലെങ്കിൽ സ്കൂളിലെ കുട്ടികൾക്ക് പരിശീലനത്തിനുള്ള അവസരം കിട്ടാറില്ലെന്നും പരാതിയുണ്ട്. ജില്ലയിൽ 72ഓളം ഹൈസ്കൂളുകളുണ്ട്. എന്നാൽ, വിരലിലെണ്ണാവുന്ന വിദ്യാലയങ്ങൾ മാത്രമാണ് മികവ് കാണിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങൾ പോലും സംസ്ഥാനതലങ്ങളിൽ തിളങ്ങുന്നില്ല. കുറഞ്ഞത് ഒരു വർഷത്തെ പരിശീലനമെങ്കിലും വേണം കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള കായികക്ഷമത ഉണ്ടാകാൻ.
എന്നാൽ, പലപ്പോഴും ഇവിടത്തെ കുട്ടികൾക്ക് സ്കൂൾ കായികമേള തുടങ്ങുമ്പോഴാണ് പരിശീലനം ലഭിക്കുന്നത്. ജിംനേഷ്യം, മറ്റു പരിശീലന സൗകര്യങ്ങൾ, മികച്ച ഗ്രൗണ്ട് എന്നിവ അന്യമാകുന്നത് കുട്ടികളുടെ കായികക്ഷമത കുറക്കുന്നു. മറ്റു ജില്ലകളിലെല്ലാം കായിക പരിശീലനം ശാസ്ത്രീയമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുതന്നെ നടക്കുമ്പോൾ കാട്ടിക്കുളത്തെയും കാക്കവയലിലെയും കുട്ടികൾ 100 മീറ്റർ ഓടി പരിശീലിക്കാൻ നടുറോഡിൽ ഇറങ്ങേണ്ട ദുരവസ്ഥയാണ്. ജില്ലയിലെ കുട്ടികളിൽ പലരും മറ്റു ജില്ലകളിലെ സ്പോർട്സ് സ്കൂളുകളിലേക്ക് എത്തുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നത് ഭൗതിക സൗകര്യങ്ങളുടെ അഭാവമാണ് ജില്ല നേരിടുന്ന പിന്നാക്കാവസ്ഥക്ക് കാരണമെന്ന് വിളിച്ചോതുന്നു.
വർഷാവർഷം ജില്ല സ്കൂൾ കായികമേളകളിൽ മികവു കാട്ടുന്ന ഗോത്രവർഗ താരങ്ങൾ പിന്നീട് ചിത്രത്തിൽനിന്ന് അപ്രത്യക്ഷമാവുകയാണ്. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗുരുതര പ്രശ്നമായി അവശേഷിക്കുന്ന ജില്ലയിൽ അവരെ വിദ്യാലയത്തോട് ചേർത്തുനിർത്താൻ കഴിയുന്ന ഉപാധികൂടിയാണ് കായിക പരിശീലനം. കായിക രംഗത്തേക്ക് അവരെ കൂട്ടിക്കൊണ്ടുവന്ന് ചേർത്തുപിടിച്ചില്ലെങ്കിൽ ഇവരിൽ നല്ലൊരു ശതമാനവും നാളെ വിദ്യാലയങ്ങളിൽ എത്തില്ലെന്ന് ഒരു പരിശീലകൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.