സുൽത്താൻ ബത്തേരി: ഞായറാഴ്ച വൈകീട്ട് മൂലങ്കാവിൽ മയക്കുവെടിവെച്ച് പിടികൂടിയ പുള്ളിപ്പുലിയെ മുത്തങ്ങ ഉൾവനത്തിൽ തുറന്നുവിട്ടു. പന്നിക്കെണിയിൽ കുടുങ്ങിയ പുലിയുടെ മുൻകാലിന് ചെറിയ പരിക്കുപറ്റിയിരുന്നു. പുലിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് വിട്ടതെന്ന് വനപാലകർ പറഞ്ഞു. എന്നാൽ, വിവിധ പ്രദേശങ്ങളിലുള്ളവരുടെ ആശങ്കയൊഴിയുന്നില്ല.
വള്ളുവാടി വനത്തിനോടു ചേർന്നാണ് ഓടപ്പള്ളം, കരിവള്ളിക്കുന്ന്, പള്ളിപ്പടി, പഴശ്ശിനഗർ പ്രദേശങ്ങൾ. ഈ സ്ഥലങ്ങളിൽനിന്ന് വള്ളുവാടി വനത്തിലേക്ക് രണ്ടു കിലോമീറ്ററിൽ താഴെയാണ് ദൂരം. വള്ളുവാടി വനത്തിൽനിന്നാണ് ഞായറാഴ്ച പുള്ളിപ്പുലി എത്തിയതെന്ന് വ്യക്തം.
ഇനിയും പുലി ജനവാസകേന്ദ്രത്തിൽ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിരവധി മൃഗങ്ങളെ കൊന്ന കടുവയെ മൂന്നു വർഷം മുമ്പ് മൂലങ്കാവിനടുത്തുവെച്ചാണ് വെടിവെച്ച് പിടികൂടിയത്. വന്യമൃഗങ്ങളുടെ ശല്യം മേഖലയിൽ കർഷകർക്ക് ഭീഷണിയാണ്. വള്ളുവാടി വനമാണ് വടക്കനാട് ഭാഗത്തേക്ക് നീളുന്നത്. വടക്കനാട്, കരിപ്പൂര് ഭാഗത്ത് കാട്ടാനശല്യം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.