വീരാജ്പേട്ട: രണ്ടുവർഷത്തെ ഏപ്രിൽ-മേയ് മാസത്തെ സമ്പൂർണ അടച്ചുപൂട്ടൽ കുടകിലെ ഒാറഞ്ച് കർഷകരടക്കമുള്ളവരെയും കാർഷികോൽപന്ന വ്യാപാരികളെയും ദുരിതത്തിലാഴ്ത്തി.
കുടകിലെ ഫലവത്തായ മണ്ണും തണുത്ത കാലാവസ്ഥയും ഓറഞ്ച് കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടറിഞ്ഞ ബ്രിട്ടീഷുകാരാണ് ഓറഞ്ച് കൃഷിയുടെ വികസനത്തിന് പദ്ധതി തയാറാക്കിയത്. കുടകിൽ ഇപ്പോൾ 8000 ഹെക്ടർ പ്രദേശത്ത് വർഷത്തിൽ 30,000 ടൺ ഓറഞ്ച് വിളയുന്നതായാണ് കണക്ക്. കർഷകർക്ക് ഒരു കിലോ ഓറഞ്ചിന് 20 മുതൽ 30 രൂപവരെ വില ലഭിക്കുേമ്പാൾ കോഴിക്കോട്, ബംഗളൂരു, ഹൈദരാബാദ് മാർക്കറ്റുകളിൽ 80 രൂപ മുതൽ 120 രൂപവരെ വിലയുണ്ട് 'കൂർഗ് ഓറഞ്ചി'ന്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നല്ല വിളവെടുപ്പാണ്. എന്നാൽ, ഓറഞ്ച് എടുക്കാൻ ആളില്ല എന്നതാണ് ദുരിതമായത്. രണ്ടുവർഷത്തെ ലോക്ഡൗൺ ഓറഞ്ച് കർഷകരെയും ലോക്കിലാക്കി. എല്ലാ വർഷവും കുടക് സന്ദർശിക്കുന്ന വിദേശരാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാരികളാണ് ഓറഞ്ചിെൻറ പ്രധാന ഉപഭോക്താക്കൾ.
എന്നാൽ, കഴിഞ്ഞ രണ്ടു വർഷവും വിനോദസഞ്ചാരികൾ കുടകിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഇത്തവണ ജില്ലയിലെ ബാളലെ, തിതിമത്തി, കാനൂർ, കുട്ട എന്നിവിടങ്ങളിലാണ് നല്ലയിനം ഓറഞ്ച് വിളവ് കൂടുതലും. സ്ഥിതി സാധാരണ നിലയിലാണെങ്കിൽ 'മൺസൂൺ ടൂറിസ'ത്തിെൻറ സമയമാണിപ്പോൾ. കേരളത്തിലേക്കുള്ള ചരക്കുഗതാഗതം നിലച്ചതോടെ കർഷകരുടെ കേരള പ്രതീക്ഷയും മങ്ങി. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിളവെടുപ്പ് നേരത്തെയാണ്. മുമ്പത്തേതുപോലെ തൊഴിലാളികളെയും കിട്ടാനില്ല. ഇതര സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുഗതാഗതം നിലച്ചേതാടെ തോട്ടങ്ങൾ പാട്ടത്തിന് എടുക്കുന്നവരുമില്ല. കഴിഞ്ഞ 10 വർഷമായി കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം നടപ്പാക്കിയ പല പദ്ധതികളുടെയും ഫലമായി 'കൂർഗ് ഓറഞ്ച്' ക്രമേണ പഴയകാല പ്രതാപം വീണ്ടെടുക്കുന്നുണ്ട്. ജില്ലയിലെ ഗോണിക്കുപ്പ ഓറഞ്ച് സഹകരണ സംഘത്തിൽ ഓറഞ്ചിെൻറ വിവിധ ഉൽപന്നങ്ങളുണ്ടാക്കി വിപണിയിൽ എത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.