വൈത്തിരി: പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ (എം.ആർ.എസ്) വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചിട്ടും മതിയായ ചികിത്സ നൽകാതെ അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം. ദിവസങ്ങൾക്കുമുേമ്പ കുട്ടികൾക്ക് രോഗം ബാധിച്ചിരുന്നുവെങ്കിലും സംഭവം മൂടിവെക്കാൻ ശ്രമിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. നേരേത്ത എട്ടു കുട്ടികൾക്കായിരുന്നു കോവിഡ് ബാധിച്ചത്. സ്കൂളിലെ 241 കുട്ടികളെകൂടി പരിശോധനക്ക് വിധേയമാക്കിയതിൽ 52 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
സ്കൂളിലെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽപരിശോധനയിലാണ് കുട്ടികൾക്ക് രോഗം ബാധിച്ചതും ആവശ്യമായ ചികിത്സയും സൗകര്യങ്ങളും നൽകാതെ തറയിൽ കിടത്തിയതുമായുള്ള വാർത്ത പുറത്തുവന്നത്. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന എട്ടു വിദ്യാർഥികൾക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
ഒരു പെൺകുട്ടിയെ രോഗം വന്നത് വകവെക്കാതെ സ്വന്തം വീട്ടിലേക്കു പറഞ്ഞുവിടുകയും മറ്റു കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ കൊടുക്കാതെ തറയിൽ കിടത്തുകയും ചെയ്യുകയായിരുന്നു. ഇതിനുശേഷമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെ 241 കുട്ടികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. 52 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് നിർദേശത്തെ തുടർന്ന് കുട്ടികളെ സിക്ക് റൂം ഒരുക്കി അതിൽ താമസിപ്പിക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.
മറ്റു കുട്ടികളോടൊപ്പം ഇടപഴകാൻ അനുവദിക്കുകയും രോഗികളായ കുട്ടികൾക്കും രോഗലക്ഷണങ്ങളുള്ള കുട്ടികൾക്കും ഉപയോഗിക്കാൻ പൊതു ശൗചാലയം കൊടുത്തതുമാണ് രോഗം വ്യാപിക്കാൻ കാരണമായത്. കുട്ടികൾക്ക് ലഭ്യമാക്കേണ്ട ചികിത്സയോ സൗകര്യങ്ങളോ അനുവദിക്കാത്തത് ചൂണ്ടിക്കാണിച്ചിട്ടും സ്കൂൾ അധികൃതർ യാതൊന്നും ചെയ്തില്ലെന്ന് പരാതിയുണ്ട്. പ്രശ്നം രൂക്ഷമായിട്ടും പി.ടി.എ കമ്മിറ്റി കൂടുകയോ പ്രസിഡൻറ് ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിക്കുകയോ ചെയ്തില്ല. കമ്മിറ്റി പിരിച്ചുവിട്ട് പുതിയതിനെ തിരഞ്ഞെടുക്കണമെന്നു രക്ഷിതാക്കൾ ഇതിനോടകം ആവശ്യമുന്നയിച്ചിട്ടുണ്ട്.
റെസിഡൻഷ്യൽ സ്കൂൾ ആയിരിക്കെ സ്കൂളിനോടു ചേർന്ന് താമസിക്കേണ്ട സ്കൂൾ അധ്യാപകരോ സീനിയർ സൂപ്രണ്ടോ കുട്ടികൾക്ക് രോഗം ബാധിച്ചിട്ടുപോലും സ്കൂൾ കോമ്പൗണ്ടിൽ താമസിക്കുന്നില്ല. ഇപ്പോൾ മുഴുവൻ കാര്യങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് സ്കൂൾ പ്രധാനാധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.