കൽപറ്റ: കോവിഡിലും ആവേശമൊട്ടും ചോരാതെ ജില്ലയിലെ വോട്ടർമാർ. കോവിഡ് ഭീതിയിൽ പോളിങ് ശതമാനം കുറയുമെന്ന് ആശങ്കപ്പെട്ടിരുന്ന രാഷ്ട്രീയ പാർട്ടികളെപോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ആദ്യ മണിക്കൂറുകളിൽ ജില്ലയിൽ വോട്ടിങ് പുരോഗമിച്ചത്. ഉച്ചയോടെ പലയിടങ്ങളിലും മന്ദീഭവിച്ചെങ്കിലും അവസാന മണിക്കൂറുകളിലേക്ക് അടുത്തതോടെ ജനം ബൂത്തിലേക്ക് ഒഴുകി.
വൈകീട്ട് ആറ് കഴിഞ്ഞും പല ബൂത്തുകളിലും വോട്ടെടുപ്പ് തുടർന്നു. 6,25,455 വോട്ടർമാർക്ക് ജില്ലയിൽ 848 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ബൂത്തുകളിൽ രാവിലെത്തന്നെ നല്ല തിരക്കനുഭവപ്പെട്ടു. സ്ത്രീകളാണ് കൂടുതലായി എത്തിയത്. രാവിലെ പത്തോടെത്തന്നെ വോട്ടർമാരിലെ നാലിലൊന്നു പേർ വോട്ടു രേഖപ്പെടുത്തി.
25.86 ശതമാനം. നഗരസഭകളിൽ കൽപറ്റയിലാണ് ഈസമയം ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ബ്ലോക്കുകളിൽ ബത്തേരിയിലായിരുന്നു ഉയർന്ന പോളിങ്. 29.11 ശതമാനം. രാവിലെ 11നുതന്നെ കോട്ടത്തറ പഞ്ചായത്തിൽ 43.41 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു. ഉച്ചക്ക് ഒന്നോടെ ജില്ലയിലെ പോളിങ് 50 ശതമാനം പിന്നിട്ടു. 3,16,660 വോട്ടർമാർ ഇതിനകം വോട്ടു രേഖപ്പെടുത്തി.
പുരുഷന്മാർ 1,54,771 പേരും സ്ത്രീകൾ 1,61,888 പേരും വോട്ടു ചെയ്തു. മൂന്നു മണിയോടെ പോളിങ് 63.87 ശതമാനത്തിലെത്തി. ഇതിനിടെ പലയിടങ്ങളിലും വോട്ടുയന്ത്രം പണിമുടക്കിയെങ്കിലും അധികം വൈകാതെ പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. വൈകീട്ട് ആറോടെ പോളിങ് ശതമാനം 78.63 ശതമാനത്തിലെത്തി. 4,91,819 പേർ വോട്ടു രേഖപ്പെടുത്തി. ആകെയുള്ള 848 പോളിങ് സ്റ്റേഷനുകളിൽ 453 എണ്ണത്തിൽ മാത്രമാണ് ആറിന് വോട്ടെടുപ്പ് പൂർത്തിയായത്.ബാക്കിയുള്ള ബൂത്തുകളിൽ വോട്ടർമാർക്ക് ടോക്കൺ നൽകി വോട്ടിങ് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.