കൽപറ്റ: ജില്ലയിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത പട്ടികവർഗ വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം ബുധനാഴ്ച ആരംഭിക്കും. ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലെ 1858 എസ്.എസ്.എൽ.സി വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ ലാപ്ടോപ് വിതരണം ചെയ്യുന്നത്.
രണ്ടാം ഘട്ടത്തിൽ പ്ലസ് ടു വിദ്യാർഥികൾക്കും. പ്രവേശന നടപടികൾ പൂർത്തിയായാൽ പ്ലസ് വണ്ണുകാർക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. സ്കൂളുകൾക്ക് സർക്കാർ നൽകിയ ലാപ്ടോപ്പുകൾ ശേഖരിച്ച് അവ പഠനസഹായി ഇല്ലാത്ത വിദ്യാർഥികളുള്ള സ്കൂളുകളിലെ പ്രധാനാധ്യാപകർക്കാണ് കൈമാറുക. അധ്യാപകർ വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.
ലാപ്ടോപ്പുകൾ കോഴിക്കോട് ജില്ലയിലെ സ്കൂളുകളിൽനിന്ന് 800ഉം മലപ്പുറത്തുനിന്ന് 500ഉം ബാക്കിയുള്ളവ വയനാട്ടിലെ സ്കൂളുകളിൽനിന്നുമാണ് വിതരണത്തിനായി ശേഖരിക്കുന്നത്. കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷെൻറ (കൈറ്റ്) നേതൃത്വത്തിൽ സ്കൂളുകളിൽനിന്ന് ശേഖരിക്കൽ കഴിഞ്ഞ ദിവസം ആരംഭിച്ചു. പനമരം സ്കൂളിലെ ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത 120 പട്ടികവർഗ വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകൾ പ്രധാനാധ്യാപകന് കൈമാറിയാണ് ബുധനാഴ്ച പദ്ധതിക്ക് തുടക്കമാവുന്നത്.
വിതരണോദ്ഘാടനം പനമരം കൈറ്റ് ഓഫിസിൽ ഡി.ഡി.ഇ കെ.വി. ലീല നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഗോത്രവർഗ വിദ്യാർഥികൾ ഏറെയുള്ള വയനാട്ടിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാണിത്. മാസങ്ങൾ വൈകിയെങ്കിലും പഠനോപകരണം ലഭ്യമാവുന്നതിെൻറ ആശ്വാസത്തിലാണ് വിദ്യാർഥികൾ. ലാപ്ടോപ് ഉപയോഗിക്കുന്നതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൈറ്റിെൻറ നേതൃത്വത്തിൽ പരിശീലനം നൽകിയശേഷമാണ് കൈമാറുക. ലൈബ്രറി പുസ്തകങ്ങളെന്നപോലെ പഠനശേഷം ലാപ്ടോപ്പുകൾ വിദ്യാർഥികളിൽനിന്ന് തിരിച്ചുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.