മേപ്പാടി: എളമ്പിലേരി പുഴയിൽ നീരൊഴുക്ക് കുറഞ്ഞതോടെ മേപ്പാടി ടൗൺ പരിസരങ്ങൾ ജലക്ഷാമത്തിന്റെ പിടിയിലമർന്നു. എളമ്പിലേരി പുഴയിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് പഞ്ചായത്തിലെ കുടിവെള്ള വിതരണ സംവിധാനമുള്ളത്. അതിപ്പോൾ കാര്യക്ഷമമല്ല. 82 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കടൂർ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതും വിതരണത്തെ ബാധിച്ചു. കടൂർ പദ്ധതി കിണറ്റിൽ വെള്ളം കുറയാതിരിക്കാൻ സമീപത്തെ തോടിന് കുറുകെ നിർമിച്ച തടയണയുടെ അടിഭാഗം തകർന്ന് വെള്ളം ചോർന്നു പോവുകയാണ്. അതിനാൽ കിണറിലും വെള്ളം കുറഞ്ഞു.
ടൗണിലെ പൊതു ടാപ്പുകളിൽ വെള്ളമില്ല. അതിനാൽ ഹോട്ടലുകൾ പലതും പ്രതിസന്ധിയിലാണ്. ദിവസം ആയിരത്തിലധികം രൂപ മുടക്കി ടാങ്കറിൽ വെള്ളം കൊണ്ടുവന്നാണ് പല ഹോട്ടലുകളും പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്ത് കരാർ നൽകി ടാങ്കറുകളിൽ വീടുകളിലേക്ക് വെള്ളമെത്തിക്കുന്നുണ്ട്. എങ്കിലും വെള്ളത്തിന്റെ ലഭ്യത പരിമിതമാണ്. എളമ്പിലേരി പുഴയിലെ തടയണയിൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാനുള്ള സംവിധാനമില്ല. അതിനാൽ പുഴയിൽ വെള്ളം കുറഞ്ഞാൽ ജലവിതരണം താറുമാറാകുന്ന സ്ഥിതിയുണ്ട്. കാരാപ്പുഴ കുടിവെള്ള പദ്ധതി നടപ്പാകുമെന്ന പ്രതീക്ഷയിൽ നിലവിലുള്ള പദ്ധതികളെ അധികൃതർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് കേവലം നൂറിൽ താഴെ കുടുംബങ്ങൾക്ക് ഗ്രാവിറ്റി വഴി വെള്ളമെത്തിക്കാൻ ആരംഭിച്ച എളമ്പിലേരി പദ്ധതി പിന്നീട് കാര്യമായി ഒരു പരിഷ്കരണവും വരുത്തിയിട്ടില്ല. എന്നാൽ, നൂറു കണക്കിന് കുടുംബങ്ങൾക്കാണ് അതിൽ നിന്ന് വെള്ളം വിതരണം ചെയ്യുന്നത്.
വേനലാകുന്നതോടെ മേപ്പാടിയിൽ എല്ലാക്കാലത്തും ജലക്ഷാമത്തിന്റെ പ്രശ്നങ്ങളുണ്ടാകുന്നു. നിലവിലുള്ള കുടിവെള്ള പദ്ധതികളെ കുറ്റമറ്റതാക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നതും പ്രശ്നം രൂക്ഷമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.