മീനങ്ങാടി: വയോധികനെ അജ്ഞാതജീവി പിടിച്ചെന്ന വാർത്തകേട്ട് കുണ്ടുവയൽ പുഴയോരത്തേക്ക് നാടൊഴുകി . മുരണി കുണ്ടുവയൽ കീഴാനിക്കൽ സുരേന്ദ്രനെയാണ് (59) പുല്ലരിയുന്നതിനിടെ അജ്ഞാതജീവി പുഴയിലേക്ക് വലിച്ചുകൊണ്ടുപോയത്. വ്യാഴാഴ്ച ഉച്ചക്ക് പശുവിന് കൊടുക്കാൻ റബർ തോട്ടത്തിലുള്ള പുല്ല് അരിയാനാണ് സുരേന്ദ്രൻ പോയത്.
പശുവിനെ കറക്കാൻ സമയമായിട്ടും കാണാത്തതിനെത്തുടർന്ന് ഭാര്യ ഷൈലജ തോട്ടത്തിൽ അന്വേഷിച്ചു ചെന്നപ്പോഴാണ് സുരേന്ദ്രനെ ഏതോ ജീവി പുഴയിലേക്ക് വലിച്ചു കൊണ്ടുപോവുന്നതായി കണ്ടത്. ഷൈലജയുടെ കരച്ചിൽ കേട്ട് പരിസരവാസികളടക്കം എത്തിയെങ്കിലും സംഭവിച്ചതെന്തെന്ന് വ്യക്തമായില്ല.
സുരേന്ദ്രൻ അരിഞ്ഞു മാറ്റിവെച്ച പുല്ലും അരിവാളും തോർത്തും റബർ കാലുറയും പരിസരത്ത് കാണുന്നുണ്ട്. റബർ തോട്ടത്തിൽ നിന്ന് പുഴയിലേക്ക് സുരേന്ദ്രനെ പുല്ലിലൂടെ വലിച്ചിഴച്ച പാടുകളുണ്ട്. സംഭവം കണ്ട് അബോധാവസ്ഥയിലായ ഷൈലജയെ മീനങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ചികിത്സ നൽകി. വന്യമൃഗ ശല്യം പൊതുവേ കുറവുള്ള പ്രദേശത്ത് അജ്ഞാത ജീവി വന്ന ആശങ്കയിലാണ് നാട്ടുകാർ.
കാരാപ്പുഴ ഡാമിന്റെ ഷട്ടർ തുറന്നതുകൊണ്ട് മുതല ഒഴുകിയെത്തിയിട്ടുണ്ടാവുമെന്ന അഭ്യൂഹമാണ് നാട്ടിൽ പരക്കുന്നത്. വയോധികനെ അജ്ഞാത ജീവി പിടിച്ചെന്ന് നാട്ടിൽ പരന്നതോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് പുഴയോരത്ത് എത്തിയത്. ഇരുട്ടായതോടെ തിരച്ചിൽ നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.