മേപ്പാടി: 1969 മുതൽ പ്രവർത്തിച്ചുവരുന്ന എരുമക്കൊല്ലി ഗവ. യു.പി കെട്ടിടങ്ങളുടെ മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റ് ആണെന്നതിനാൽ ഫിറ്റ്നസ് ലഭിക്കാത്ത സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ സെപ്റ്റംബർ അഞ്ചിന് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് മേപ്പാടി പഞ്ചായത്ത് യു.ഡി.എഫ് ആവശ്യപ്പെട്ടു.
ഏഴ് കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു സ്കൂൾ ഇല്ലാത്ത സാഹചര്യത്തിലും തോട്ടം തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂളായതിനാലും നിർത്തുന്നത് സാധാരണക്കാരുടെ മക്കളെ പ്രയാസത്തിലാക്കും. നിലവിലെ കെട്ടിടങ്ങളുടെ ഷീറ്റ് മാറ്റി അറ്റകുറ്റപ്പണി നടത്തുന്നതിന് മേപ്പാടി ഗ്രാമപഞ്ചായത്ത് 2022–23 വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിരുന്നു.
ഡി.പി.സിയുടെ അനുമതി ലഭിക്കുകയും സാങ്കേതികാനുമതിക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡി.പി.സി ചേരുന്നതിൽ വന്ന കാലതാമസമാണ് പദ്ധതി നടപ്പാക്കൽ വൈകാൻ കാരണം. നിലവിലുള്ള സ്കൂൾ വനത്തോട് ചേർന്ന് നിൽക്കുന്നതിനാലും വന്യമൃഗ ശല്യമുള്ളതിനാലും സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ മേപ്പാടി ഗ്രാമപഞ്ചായത്ത് നേരത്തേ തീരുമാനമെടുത്തതാണ്. സ്കൂൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം എരുമക്കൊല്ലി ഒന്നാം നമ്പറിൽ ഫാത്തിമ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ്, ചെമ്പ്ര പീക്ക് എസ്റ്റേറ്റ് അനുവദിച്ചിട്ടുണ്ട്. ഈ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവരുകയാണ്.
ഈ സാഹചര്യത്തിലാണ് സ്കൂൾ നിർത്തലാക്കുന്നതിന് ഉത്തരവ് ഇറക്കിയിരിക്കുന്നത്. പഞ്ചായത്ത് രാജ് നിയമപ്രകാരം മേപ്പാടി പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനം നിർത്തലാക്കുന്ന കാര്യം ഭരണസമിതിയുമായി കൂടിയാലോചിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല. സ്കൂൾ നിർത്തുന്നതിന് തീർത്തും രാഷ്ട്രീയപ്രേരിതമായ നീക്കമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അതിനാൽ ഈ നീക്കത്തിൽ നിന്നും സർക്കാറും വിദ്യാഭ്യാസ വകുപ്പും പിൻമാറണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികളും നിയമനടപടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു. കാരാടൻ നജീബ്, പി.കെ. അഷ്റഫ്, ഒ. ഭാസ്കരൻ, ഒ.വി. റോയ്, ടി.എ. മുഹമ്മദ്, രാജു ഹജമാടി, രാംകുമാർ, മുഹമ്മദ്കുട്ടി ഹാജി, സി. ശിഹാബ്, ബി. നാസർ എന്നിവർ സംസാരിച്ചു. കൺവീനർ ബി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.