കോട്ടത്തറ: സംഭരണം വെട്ടിക്കുറച്ചതോടെ ബാക്കിവരുന്ന പാൽ കോവിഡ് സെൻററിലേക്കും നിർധനർക്കും സൗജന്യമായി നൽകി ഫാം ഉടമ. കോട്ടത്തറ മാടക്കുന്നിലെ ഫാം ഉടമ ദിവസവും 100 ലിറ്റർ പാലാണ് പഞ്ചായത്തിലെ സി.എഫ്.എൽ.ടി.സിയിലേക്കും ക്വാറൻറീനിലും നിരീക്ഷണത്തിലും കഴിയുന്നവർക്കും നിർധനർക്കും നൽകുന്നത്.
വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെൻറർ പ്രവർത്തകരാണ് പാൽ ശേഖരിച്ച് പഞ്ചായത്തിലെ കോവിഡ് കേന്ദ്രങ്ങളിലെത്തിക്കുന്നത്. പാൽവിതരണം കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. രനീഷ് നിർവഹിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അബ്ദുറഹിമാൻ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു മാധവൻ, ഗഫൂർ വെണ്ണിയോട്, കെ.കെ. മുഹമ്മദലി, കെ. മുനീർ, ബിയ്യുമ്മ തുടങ്ങിയവർ പങ്കെടുത്തു.
വൈത്തിരി: മിൽമ സംഭരണം വെട്ടിക്കുറച്ചതോടെ ബാക്കി വരുന്ന പാൽ ആതുര സ്ഥാപനങ്ങൾക്കും മറ്റും സൗജന്യമായി നൽകി പൂക്കോട് സർവകലാശാല ഫാം. ദിവസവും രാവിലെ 200 ലിറ്ററും വൈകീട്ട് 70 ലിറ്ററുമാണ് ഫാമിൽ ലഭിക്കുന്ന പാൽ. ഇതിൽ രാവിലെയുള്ളത് മാത്രമാണ് മിൽമ വാങ്ങുന്നത്.
ഇങ്ങനെ ബാക്കി വരുന്ന പാൽ താലൂക്കാശുപത്രിയിലേക്കും വൃദ്ധസദനത്തിലേക്കും സർവകലാശാലയുടെ കീഴിലുള്ള കാൻറീനിലും ജയിലിലും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. മിൽമ പാൽ പൂർണമായും സംഭരിക്കുന്നതുവരെ ഈ രീതി തുടരുമെന്ന് ഫാം അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.