മേപ്പാടി: കോട്ടനാട് നാൽപ്പത്താറ് - കാപ്പിക്കാട് പ്രദേശത്ത് കാട്ടാനകൾ മനുഷ്യരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. തിങ്കളാഴ്ച വൈകീട്ട് ഏഴ് മുതൽ ചൊവ്വാഴ്ച പുലർച്ച അഞ്ച് വരെയാണ് പ്രദേശത്തെ വീടുകളുടെ മുറ്റത്തും പറമ്പിലുമൊക്കെയായി കാട്ടാന നിലയുറപ്പിച്ചത്. കാട്ടാന വീട്ടുമുറ്റത്തെത്തിയത് ഭീതിയോടെയാണ് നാട്ടുകാർ വിവരിക്കുന്നത്. ഉറക്കമൊഴിച്ച് ഏറെ ഭയത്തിലാണ് തങ്ങൾ നേരം വെളുപ്പിച്ചതെന്ന് കാപ്പിക്കാട് ചെരലിൽ മുജീബിന്റെ കുടുംബം പറയുന്നു. സമീപത്തെ ഒരു ഡസനോളം വീട്ടുകാരും ഇതേ അവസ്ഥയിലായിരുന്നു. പുലർച്ച അഞ്ചിന് ആളുകൾ കൂട്ടമായി ഒച്ചവെച്ചപ്പോഴാണ് രാത്രി മുഴുവൻ പ്രദേശത്ത് തമ്പടിച്ച കാട്ടാന തിരികെ പോയത്.
ചെമ്പ്ര വനമേഖലയിൽനിന്നാണ് ഇവിടേക്ക് കാട്ടാനകളെത്തുന്നത്. കാട്ടാന ശല്യത്തെക്കുറിച്ചുള്ള നിരന്തര പരാതികളെത്തുടർന്ന് വനാതിർത്തിയിൽ വൈദ്യുതി കമ്പിവേലി സ്ഥാപിക്കാൻ തീരുമാനിക്കുകയും ഇതിനായി എം.എൽ.എ.യുടെ ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതൊന്നും ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. കാട്ടാനശല്യം കാരണം പ്രദേശവാസികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.