കൽപറ്റ: പ്രകൃതിരമണീയതയിൽ ലയിക്കാൻ അവസരമൊരുക്കുന്ന ടെൻറ് ടൂറിസം സുരക്ഷിതമാക്കാൻ വിനോദസഞ്ചാര വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. വനത്തോടുചേർന്ന ഭാഗങ്ങളിലെയും ബീച്ചുകളിലെയും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കുള്ള നിർദേശങ്ങളാണ് പുറത്തിറക്കിയത്. വയനാട് മേപ്പാടി എളിമ്പിലേരിയിൽ സ്വകാര്യ റിസോർട്ടിലെ ടെൻറിൽ താമസിക്കുകയായിരുന്ന യുവതിയെ ഈ വർഷം ജനുവരിയിൽ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. പരിശോധനയിൽ, മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മിക്ക ടെൻറുകളും ഉടമകൾ ഒരുക്കുന്നതെന്ന് വെളിപ്പെട്ടതോടെയാണ് മാർഗനിർദേശങ്ങൾക്ക് രൂപം നൽകിയത്.
നടത്തിപ്പുകാർക്കുള്ള രജിസ്ട്രേഷൻ, ടെൻറുകൾ ഏത് തരത്തിലുള്ളതായിരിക്കണം എന്നിവ മുതൽ വിനോദസഞ്ചാര കേന്ദ്രത്തിലെ മാലിന്യ നിർമാർജനം വരെയുള്ളവയിൽ വ്യക്തമായ നിർദേശങ്ങളാണ് നൽകുന്നത്. നടത്തിപ്പുകാർ രജിസ്റ്റർ ചെയ്ത സ്ഥാപനമായിരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ നിരാക്ഷേപ പത്രവും (എൻ.ഒ.സി) ഇവർ നേടണം. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷനും മാർഗനിർദേശങ്ങൾക്കും keralaadventure.org/online-registration/ വെബ്സൈറ്റ് സന്ദർശിക്കാം.
െപാതു നിർദേശങ്ങൾ
1. ക്യാമ്പ് സംഘാടകർ രജിസ്റ്റർ ചെയ്ത സ്ഥാപനമായിരിക്കണം.
2. തദ്ദേശ സ്ഥാപനങ്ങളുടെ നിരാക്ഷേപ പത്രം (എൻ.ഒ.സി) നേടിയിരിക്കണം.
3. സ്ഥാപനത്തിന് പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് കവറേജ് ഉണ്ടാവണം
4. ക്യാമ്പ് സൈറ്റ് പരിസരത്ത് ടോയ്ലറ്റുകൾ ഉണ്ടായിരിക്കണം.
5. മാലിന്യ സംസ്കരണ സംവിധാനം അനിവാര്യം. ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം.
6. സഞ്ചാരികളെ സ്ഥിരമായി പ്രവേശിപ്പിക്കുന്ന ഇടമാണെങ്കിൽ ഡൈനിങ് ഏരിയ, വാഷ് റൂം, ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലം, പ്രഥമശുശ്രൂഷ സ്ഥലം, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, മാംസം മുതലായവ സൂക്ഷിക്കുന്ന ശുചിത്വ അടുക്കള എന്നിവ ഉണ്ടായിരിക്കണം.
7. ടെൻറുകളുടെ എണ്ണത്തിനനുസരിച്ച് സുരക്ഷ ഉറപ്പാക്കാൻ വെളിച്ച സംവിധാനം ഒരുക്കണം.
8. ആരോഗ്യവകുപ്പിെൻറ സുരക്ഷ പ്രോട്ടോകോൾ കർശനമായി പാലിക്കണം.
സുരക്ഷ ക്രമീകരണങ്ങൾ
1. ആനത്താരകളിലോ വന്യജീവികൾ വെള്ളം കുടിക്കാൻ എത്തുന്ന ഭാഗങ്ങളിലോ ഒരിക്കലും ടെൻറടിക്കരുത്.
2. ടെൻറ് സ്ഥാപിക്കുന്നത് വനാതിർത്തിയിൽനിന്ന് 10 മീറ്ററെങ്കിലും അകലത്തിലായിരിക്കണം.
3. ടെൻറുകൾക്ക് ചുറ്റുമുള്ള കളകളും കുറ്റിക്കാടുകളും പൂർണമായും നീക്കണം.
4. വനത്തോട് ചേർന്ന പ്രദേശമാണെങ്കിൽ 24 മണിക്കൂറും വാച്ചർമാരുടെ നിരീക്ഷണം വേണം.
5. അപകട മുന്നറിയിപ്പ് സംവിധാനം ഉണ്ടാവണം.
6. കാട്ടുതീ തടയാൻ വനാതിർത്തിക്കും ടെൻറുകൾക്കും ഇടയിൽ അഞ്ച് മീറ്റർ വീതിയിൽ ഫയർലൈൻ ഒരുക്കണം. പുൽമേടിനോട് ചേർന്ന ഭാഗത്താണെങ്കിൽ കുറഞ്ഞത് 10 മീറ്ററും മുളങ്കാടുകൾക്ക് സമീപമാണെങ്കിൽ 20 മീറ്ററും വീതി ഫയർലൈനുകൾക്ക് ഉണ്ടാവണം.
7. അത്യാവശ്യ ഘട്ടങ്ങളിൽ സഞ്ചാരികൾക്ക് പെട്ടെന്ന് പ്രവേശിക്കാൻ കഴിയുന്ന അടച്ചുറപ്പുള്ള സുരക്ഷാകേന്ദ്രം എല്ലാ ക്യാമ്പുകളിലും ഒരുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.