കോൺഗ്രസ് ജില്ല നേതൃസംഗമം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

താഴെത്തട്ടിലെ പ്രവർത്തന രാഹിത്യം കോൺഗ്രസിനെ ക്ഷീണിപ്പിച്ചു –സുധാകരൻ

കൽപറ്റ: താഴെത്തട്ടിലെ പ്രവർത്തന രാഹിത്യമാണ് കോൺഗ്രസിനെ ക്ഷീണിപ്പിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. അതിന് എല്ലാ തലങ്ങളിലും ഉള്ള നേതാക്കൾ ഉത്തരവാദികളാണ്. കോൺഗ്രസ് ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും കോർത്തിണക്കി രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുന്ന ചാലകശക്തിയാണ് കോൺഗ്രസ്. ജനങ്ങളിലേക്ക് കടന്നുചെന്ന് അവരുടെ സേവകരായി മാറാൻ എല്ലാ കോൺഗ്രസ് പ്രവർത്തകരും സന്നദ്ധരാകണം. കാർഷിക മേഖല പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എം. നിയാസ്, കെ.കെ. അബ്രഹാം, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, സി.പി. വർഗീസ്, ടി.ജെ. ഐസക്ക്, എൻ.കെ. വർഗീസ്, പി.പി. ആലി, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, എം.ജി. ബിജു, നജീബ് കരണി, ഒ.വി. അപ്പച്ചൻ, മംഗലശേരി മാധവൻ, എം.എ. ജോസഫ് എന്നിവർ സംസാരിച്ചു.

'സി.പി.എമ്മും ബി.ജെ.പിയും പൊതുധാരണയില്‍ പോകുന്നു'

കൽപറ്റ: കേരളത്തില്‍ സി.പി.എം നടത്തുന്നത് ബി.ജെ.പിയുടെ സഹായത്തോടെ ഭരണം നിലനിര്‍ത്താനുള്ള ഇടപാടുകളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഇരുപാർട്ടികളും കോൺഗ്രസിനെ തകർക്കാൻ പൊതുധാരണയില്‍ പോകുകയാണ്.

കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം കൽപറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെടുത്ത തീരുമാനം തന്നെ കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയെന്നതാണ്. കെ-റെയില്‍ സാമൂഹികാഘാത പഠന റിപ്പോർട്ട് എന്തായാലും കെ-റെയില്‍ കൊണ്ടുവരുമെന്ന് പിണറായി പറയുമ്പോള്‍ അത് നടക്കില്ലെന്ന് പറയാനുള്ള നട്ടെല്ല് കേന്ദ്രം കാട്ടാത്തതെന്തുകൊണ്ടാണ്? കെ-റെയില്‍ സമരത്തിലും ഒളിച്ചുകളിയുണ്ട്. കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത ഒരുപാട് കേസുകള്‍ പിണറായിക്കെതിരെയുണ്ട്.

ആ കേസുകളൊക്കെ മരവിച്ച അവസ്ഥയിലാണ്. ലാവലിന്‍ കേസ് 30 തവണയാണ് മാറ്റിവെച്ചത്. കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലില്ലാതെ എതെങ്കിലുമൊരു കോടതി ഇതുപോലൊരു തീരുമാനമെടുക്കുമോ? സുധാകരൻ ചോദിച്ചു.

Tags:    
News Summary - Inactivity at the grassroots has weakened the Congress - Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.