പുൽപള്ളി: ഇരുളത്ത് ജലനിധി പദ്ധതിയുടെ പൈപ്പ് തകർന്ന് നിത്യവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു. അഞ്ച് വർഷത്തിലേറെയായി ഇത്തരത്തിൽ വെള്ളം പാഴായി ഒഴുകാൻ തുടങ്ങിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്. തുടർച്ചയായ ജലപ്രവാഹത്താൽ ഈ ഭാഗത്തെ റോഡും തകർന്നു.
ഇരുളത്ത് നിന്ന് അങ്ങാടിശ്ശേരി, മണൽവയൽ എന്നിവിടങ്ങളിലേക്ക് തിരിയുന്ന ഇരുളം അമ്പലപ്പടി ജങ്ഷനിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. മഴയത്തും വെയിലത്തുമെല്ലാം വെള്ളമൊഴുകി േറാഡിന്റെ അരികുകൾ ഇല്ലാതായി. റോഡിന്റെ നടുഭാഗത്തായി ഗർത്തങ്ങളും രൂപപ്പെട്ടു. ഈ വഴി വാഹനം ഓടിക്കുമ്പോൾ ബൈക്ക് യാത്രികർ അപകടത്തിൽ പെടുകയും ചെയ്തിട്ടുണ്ട്. റോഡിലേക്കുള്ള നീരൊഴുക്ക് ഇല്ലാതാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിരന്തരമായി നാട്ടുകാർ ജലനിധി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. പനമരം പുഴയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് ഈ മേഖലയിലേക്ക് വിതരണം ചെയ്യുന്നത്. ഇതാണ് പാഴാകുന്നത്. അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തിൽ പതിയാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ റോഡിന് നടുവിൽ വാഴനട്ടു പ്രതിഷേധിച്ചു. വരും ദിവസങ്ങളിൽ സമരം ശകതമാക്കാനാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.