മാനന്തവാടി: ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തി ശനിയാഴ്ച രണ്ടു വർഷം പൂർത്തിയായി മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും അടിസ്ഥാന സൗ കര്യങ്ങളും ജീവനക്കാരുടെ എണ്ണവും പ്രതിസന്ധിയായി തുടരുന്നു.
സർക്കാർ നിശ്ചയിച്ച മിനിമം വേതനം പോലും ലഭിക്കാതെയാണ് വയനാട് മെഡിക്കൽ കോളജിലെ ആശുപത്രി മാനേജിങ് കമ്മിറ്റി ജീവനക്കാർ ജോലി ചെയ്യുന്നത്. 21 സുരക്ഷ ജീവനക്കാർ മുതൽ ലാബ് ടെക്നീഷ്യൻ, നഴ്സുമാർ വരെയുള്ള 120 ജീവനക്കാരാണ് എച്ച്.എം.സി നിയമനത്തിൽ ജോലി ചെയ്യുന്നത്.
ജില്ല ആശുപത്രിയായിരുന്നപ്പോൾ ജോലിയിൽ ഉണ്ടായിരുന്നവരെ മെഡിക്കൽ കോളജിലും നിലനിർത്തിയെങ്കിലും വേതന വർധന നടപ്പാക്കിയിട്ടില്ല. 14ഉം 22ഉം വർഷമായി ജോലി ചെയ്യുന്നവർ ഇവിടെയുണ്ട്. 420 മുതൽ 600 രൂപവരെയാണ് ഇവരുടെ ദിവസ വേതനം.
സർക്കാർ നിശ്ചയിച്ചതാകട്ടെ 700ന് മുകളിലും. എട്ട് മണിക്കൂറാണ് ജോലി സമയമെങ്കിലും പന്ത്രണ്ട് മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യവുമുണ്ട്. ഏറ്റവും ദുരിതം പേറുന്നത് സെക്യൂരിറ്റി ജീവനക്കാരാണ്. വെയിലും മഴയും കൊണ്ടു വേണം ഇവർക്ക് ജോലി ചെയ്യാൻ.
വാഹന പാർക്കിങ്ങിന്റെ കാര്യത്തിൽ മിക്ക സമയങ്ങളിലും ഡ്രൈവർമാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടേണ്ടി വരുന്നതാണ് ഇവർക്ക് പ്രതിസന്ധിയുണ്ടാക്കുന്നത്. കോവിഡ് സമയടത്തടക്കം ഇവർക്ക് വേതനവും കൃത്യമായി ലഭിച്ചിരുന്നില്ല.
ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയപ്പോൾ വേതനവും ഉയരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പുതുതായി രൂപം കൊണ്ട എച്ച്.ഡി.എസ് രണ്ട് വർഷത്തിനിടെ രണ്ട് തവണയാണ് യോഗം ചേർന്നത്.
ഈ യോഗങ്ങളിൽ ഇവരുടെ പ്രശ്നങ്ങൾ ചർച്ച വിഷയമായതേയില്ല. എപ്പോഴെങ്കിലും തങ്ങളുടെ ദുരിതം അവസാനിക്കുമെന്ന പ്രതീക്ഷയോടെ പരിഭവങ്ങൾ ഉള്ളിലൊതുക്കി ഈ ജീവനക്കാർ രോഗികൾക്ക് ആശ്വാസമേകി ജോലി ചെയ്യുകയാണ്.
പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ഫോറൻസിക് സർജൻമാർ കൂടുതലായി ഇല്ലാത്തതും മെഡിക്കൽ കോളജ് ആശുപത്രിയിൽ പലപ്പോഴായി പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഫോറൻസിക് സർജൻ അവധിയിൽപോയതുകൊണ്ട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ഒരുതവണ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് അയക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്.
മെഡിക്കൽ കോളജിനും ജില്ല ആശുപത്രിക്കുമായി ഓരോ ഫോറൻസിക് സർജന്മാരെക്കൊണ്ടാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുനീങ്ങുന്നത്. നിലവിലുള്ള പോസ്റ്റ്മോർട്ടത്തിന്റെ കണക്കുവെച്ച് നോക്കിയാൽ ഈ തസ്തികകൾ പോരാ. ആരെങ്കിലും ഒരാൾ അവധിയെടുത്താൽ ഫോറൻസിക് സർജൻ കൈകാര്യംചെയ്യേണ്ട പോസ്റ്റ്മോർട്ടം ബത്തേരി താലൂക്കാശുപത്രിയിലോ കോഴിക്കോട് മെഡിക്കൽ കോളജിലോ ചെയ്യേണ്ട അവസ്ഥയാണുള്ളത്.
മാനന്തവാടി: ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയിട്ടും കഴിഞ്ഞ രണ്ടുവർഷമായി ആശുപത്രിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാൻ അധികൃതർക്കായിട്ടില്ല. സി.ടി. സ്കാൻ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി.
2019ൽ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവരുന്ന രോഗികളിൽ 372 പേരെയാണ് മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്തിരുന്നതെങ്കിൽ 2022ൽ 789 ആയി ഉയർന്നു. മുമ്പത്തേക്കൾ ഇരട്ടി ആളുകളെ റഫർ ചെയ്യുന്ന സാഹചര്യമാണുള്ളത്. ജില്ല ആശുപത്രിയിലുണ്ടായിരുന്ന സൗകര്യം പോലും ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല.
മുതിർന്ന ഡോക്ടർമാർ ഉൾപ്പെടെ ട്രാൻസ്ഫറായി പോവുകയാണ്. ഇതുവരെ പ്രഫസർമാരെയും അസി. പ്രഫസർമാരെയും നിയമിച്ചിട്ടില്ല. ആറു കോടിയിലധികം രൂപയാണ് മെഡിക്കൽ കോളജിന്റെ ബാധ്യത.
ഇതിൽ 1.53 കോടി രൂപ വൈദ്യുതി കുടിശ്ശികയുണ്ട്. വാട്ടർ ബിൽ ഇനത്തിൽ 18 ലക്ഷം, എക്സ്റേ ഫിലിം, ലാബ് ചിലവുകളിലായി 78 ലക്ഷം എന്നിങ്ങനെയും കുടിശ്ശികയുണ്ട്. കുടിശ്ശിക തീർക്കാതെ എക്സ്റേ ഫിലം ഉൾപ്പെടെ നൽകില്ലെന്ന നിലപാടിലാണ് കമ്പനികൾ. ഓർത്തോ വിഭാഗത്തിൽ ഡോക്ടർമാരില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഹൃദ്രോഗ വിദഗ്ധനില്ലാത്ത ഏക മെഡിക്കൽ കോളജാണിത്.
ബാധ്യതകൾ അടിയന്തരമായി സർക്കാർ ഏറ്റെടുത്ത് കാത്ത് ലാബിന്റെ പ്രവർത്തനം ആരംഭിക്കുകയും അടിസ്ഥാന സൗകര്യം വർധിപ്പിക്കുകയും വേണമെന്നും എച്ച്.ഡി.എസ് അംഗമായ എം.ജി ബിജു പറഞ്ഞു. ആശുപത്രിയിലേക്കുള്ള റോഡിന്റെ നവീകരണം, പാർക്കിങ് തുടങ്ങിയ കാര്യങ്ങളും തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല.
ആശുപത്രിയിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥയും ഇവിടെയെത്തുന്നവർക്ക് ബുദ്ധിമുട്ടാവുകയാണ്. എച്ച്.ഡി.എസ് യോഗം മൂന്നുമാസം കൂടുമ്പോൾ ചേരണമെന്ന നിർദേശം പോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
പണി പൂർത്തിയായിട്ടും വിശ്രമ കേന്ദ്രം ഇതുവരെ തുറന്നുകൊടുത്തിട്ടില്ലെന്നും ജില്ല പഞ്ചായത്തിൽനിന്ന് ജില്ല ആശുപത്രിയുടെ നടത്തിപ്പ് ചുമതല പോയതോടെ ആവശ്യമായ ഫണ്ട് പോലും ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഈ നിലയിൽ മുന്നോട്ടുപോയാൽ ഇനിയും അടിയന്തര ചികിത്സാ സൗകര്യം ഉൾപ്പെടെ വയനാട്ടുകാർക്ക് ലഭിക്കാത്ത സാഹചര്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.