കൽപറ്റ: സി.പി.എം സിറ്റിങ് സീറ്റായ കൽപറ്റ എൽ.ജെ.ഡിക്ക് നൽകിയതിൽ സി.പി.എമ്മിനുള്ളിൽ അസംതൃപ്തി. ശനിയാഴ്ച ചേർന്ന ജില്ല കമ്മിറ്റിയിൽ ശക്തമായ വിമർശനമാണ് ഉയർന്നത്. ജില്ല ആസ്ഥാനത്തെ സീറ്റ് പാർട്ടിക്ക് നഷ്ടമാകുമ്പോൾ അത് തിരിച്ചടി തന്നെയാണെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സി.പി.എം കഴിഞ്ഞ തവണ ജയിച്ച സീറ്റിൽ ഇത്തവണയും മത്സരിക്കണമെന്നാണ് ജില്ല കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടത്. സിറ്റിങ് എം.എൽ.എ സി.കെ. ശശീന്ദ്രൻ ഉൾപ്പെടെ ചില പേരുകൾ നിർദേശിക്കുകയും ചെയ്തു. എന്നാൽ, സംസ്ഥാന കമ്മിറ്റിയിൽ കാര്യമായ ചർച്ച നടത്താതെയാണ് സീറ്റ് എൽ.ജെ.ഡിക്ക് വിട്ടു നൽകിയത്. പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യാൻ മന്ത്രി ടി.പി. രാമകൃഷ്ണനാണ് യോഗത്തിനെത്തിയത്. വളരെ ഗൗരവമായ വിമർശനങ്ങളാണ് ഉയർന്നത്. അതേസമയം, മുന്നണി സംവിധാനവും നീക്കുപോക്കുകളുമാണ് രാമകൃഷ്ണൻ ഓർമിപ്പിച്ചത്.
പട്ടികവർഗ സംവരണ മണ്ഡലങ്ങളായ ബത്തേരിയിലും മാനന്തവാടിയിലും സി.പി.എം മത്സരിക്കുന്നുണ്ട്. കോൺഗ്രസിൽനിന്ന് രാജിവെച്ചെത്തിയ എം.എസ്. വിശ്വനാഥനാണ് ബത്തേരിയിൽ സാധ്യത കൂടുതൽ. മാനന്തവാടിയിൽ ഒ.ആർ. കേളു വീണ്ടും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.