കൽപറ്റ: വയനാട് ജില്ലയിലെ അഞ്ചു വയസ്സില്‍ താഴെ പ്രായപരിധിയിലുളള കുട്ടികളുടെ സമ്പൂര്‍ണ ആധാര്‍ എൻറോൾമെന്റ് പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട്. മെഗ ക്യാമ്പുകള്‍ വഴിയും ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിയും അഞ്ച് വയസ്സിനു താഴെ പ്രായമുള്ള 44487 കുട്ടികള്‍ ജില്ലയില്‍ ആധാര്‍ എൻറോൾമെന്റില്‍ പങ്കാളികളായി. ജില്ലയിലെ 5 വയസ്സിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുന്നതിന് ജില്ല ഭരണകൂടം നടപ്പാക്കിയ പദ്ധതിയാണ് എ ഫോര്‍ ആധാര്‍.
രണ്ട് ഘട്ടങ്ങളിലായി അക്ഷയ കേന്ദ്രങ്ങള്‍, ഇന്ത്യന്‍ പോസ്റ്റല്‍ ബാങ്കിങ് സര്‍വിസ്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധയിടങ്ങളിലായി ക്യാമ്പുകള്‍ നടത്തിയാണ് ആധാര്‍ എൻറോൾമെന്റ് പൂര്‍ത്തീകരിച്ചത്. ആധാര്‍ എൻറോൾമെന്റിന് ആവശ്യമായ രേഖയായ ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും, ജനന സര്‍ട്ടിഫിക്കറ്റില്‍ പേരു ചേര്‍ക്കുന്നതിനുമായി പഞ്ചായത്ത് തലത്തില്‍ വിവിധ ദിവസങ്ങളിലായി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. അക്ഷയ, വനിത ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് എന്നിവ വകുപ്പുകള്‍, ഇന്ത്യന്‍ പോസ്റ്റല്‍ ബാങ്കിങ് സര്‍വിസ്, ധനലക്ഷ്മി ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയില്‍ നടപ്പിലാക്കിയത്.
പൂതാടി അങ്കണൻവാടിയില് നടന്ന ചടങ്ങില്‍ എ ഫോര്‍ ആധാര്‍ പൂര്‍ത്തീകരണ പ്രഖ്യാപന പോസ്റ്റര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്തു. എ ഫോര്‍ ആധാര്‍ പൂര്‍ത്തികരണ പ്രഖ്യാപന വിഡിയോ സ്വിച്ച് ഓണ്‍ ജില്ല കലക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.