കല്പറ്റ: കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ സ്വര്‍ഗംകുന്നു മുതല്‍ മേപ്പാടി പഞ്ചായത്തിലെ കള്ളാടിവരെ നീളുന്ന തുരങ്കം ഉള്‍പ്പെടുന്ന ആനക്കാംപൊയില്‍-മേപ്പാടി റോഡ് പദ്ധതിക്കെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമിതി ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കു നിവേദനം നല്‍കും. ഇതിനായി സമിതി പ്രതിനിധി ഈ മാസം 22ന് ഡല്‍ഹിയില്‍ എത്തുമെന്ന് ഭാരവാഹികളായ വര്‍ഗീസ് വട്ടേക്കാട്ടില്‍, എ.എന്‍. സലിംകുമാര്‍, പി.ജി. മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു.
പാരിസ്ഥിതികാഘാത പഠനം നടത്താതെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ഏജന്‍സികളുടെയും അനുമതി നേടാതെയുമാണ് സര്‍ക്കാര്‍ തുരങ്കപാത പദ്ധതി പ്രഖ്യാപിച്ചതും ലോഞ്ചിങ് നടത്തിയതും. സമുദ്രനിരപ്പില്‍നിന്ന് 52 മീറ്റര്‍ ഉയരത്തിലാണ് സ്വര്‍ഗംകുന്ന്. 784 മീറ്റര്‍ ഉയരത്തിലാണ് കള്ളാടി.
ഈ രണ്ടു പോയന്റുകളെയും ബന്ധിപ്പിച്ച് തുരങ്കപാത നിര്‍മിക്കുന്നതിലെ യുക്തി സാധാരണക്കാരനു മനസ്സിലാകുന്നതല്ല. പരിസ്ഥിതി ദുര്‍ബല പ്രദേശത്തുകൂടിയാണ് തുരങ്കം നിര്‍മിക്കേണ്ടത്.
പാതക്കായി മല തുരക്കേണ്ട ഭൂപ്രദേശവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് അടുത്തകാലത്ത് പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായ പുത്തുമല, മൂണ്ടക്കൈ, കവളപ്പാറ, പാതാര്‍ തുടങ്ങിയ പ്രദേശങ്ങള്‍. പരിസ്ഥിതി ദുര്‍ബല പ്രദേശത്തു മല തുരന്നു റോഡ് നിര്‍മിക്കുന്നതു തിക്തഫലങ്ങള്‍ക്കു കാരണമാകും.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ജല സുരക്ഷയെയും കാര്‍ഷിക-സാമൂഹിക ജീവിതത്തെയും ബാധിക്കുന്നതുമാണ് പദ്ധതി. ഖനനം, നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് 2015ല്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് തുരങ്കപാത നിര്‍മാണത്തിനും ബാധകമാണ്.
ജില്ല ദുരന്ത നിവാരണ അതോറ്റിയുടെ അനുമതിയില്ലാതെ തുരങ്കപാത പദ്ധതി നടപ്പാക്കാനാകില്ല. ഇക്കാര്യം തുരങ്കപാതയുടെ പേരില്‍ ജനങ്ങളെ സ്വപ്നലോകത്ത് നിര്‍ത്തുന്നവര്‍ കണക്കിലെടുക്കുന്നില്ല. തുരങ്ക പാതയുമായി ബന്ധപ്പെട്ട് സമിതി 16ന് കല്പറ്റ എം.ജി.ടി ഹാളില്‍ ജനകീയ ചര്‍ച്ച സംഘടിപ്പിക്കും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി തയാറാക്കുന്ന നിവേദനമാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കുകയെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.