കല്പറ്റ: മുംബൈ ഇന്ത്യന്‍സ് സെലക്ഷന് ട്രയല്‍സില്‍ അവസരം ലഭിച്ച് വയനാട്ടുകാരി. കൽപറ്റ പള്ളിത്താഴെ അമ്മു എന്ന ജോഷിതയാണ് വയനാടിന് പൊൻതൂവലായി ക്രിക്കറ്റിൽ ഉയർച്ചയുടെ പടവുകൾ താണ്ടുന്നത്. ട്രയല്സിലേക്കു അവസരം ലഭിച്ച ഏക മലയാളി പെണ്‍കുട്ടിയെന്ന സവിശേഷതയും ജോഷിതക്കുണ്ട്.
മുംബൈ ഇന്ത്യന്‍സിന്റെ 15 ദിവസത്തെ സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കുന്നതിനു കഴിഞ്ഞ 16നാണ് ജോഷിത യാത്രയായത്. ഇന്ത്യന്‍ വനിത ക്രിക്കറ്റില്‍ വയനാടിന്റെ അടുത്ത സംഭാവനയായിരിക്കും പെണ്‍കുട്ടിയെന്നാണ് ജില്ല ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി നാസര്‍ മച്ചാന് പറയുന്നത്. മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിനി മിന്നുമണി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടിയിട്ടുണ്ട്. കല്പറ്റ ന്യൂ ഫോം ഹോട്ടലിലെ പാചകത്തൊഴിലാളി എമിലി വെള്ളാച്ചിറ ജോഷിയുടെയും ആനപ്പാലം ജങ്ഷനിലെ ലാവണ്യ ഫാന്‍സി സെന്റര്‍ ജീവനക്കാരി ശ്രീജയുടെയും രണ്ടു മക്കളില്‍ ഇളയതാണ് ഈ പതിനാറുകാരി.
ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ വഴങ്ങുന്ന ജോഷിത നിലവിൽ കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. മുണ്ടേരി ഗവ. സ്കൂളിലായിരുന്നു പ്രൈമറി പഠനം. വിദ്യാലയ വളപ്പില്‍ കുട്ടികള്‍ തമ്മിലുള്ള ക്രിക്കറ്റ് കളിക്കിടെ ബാറ്റിങ്ങിലും ബൗളിങ്ങിലും ജോഷിത പുലര്‍ത്തുന്ന വ്യത്യസ്തത പരിശീലകന് അമലിന്റെ ശ്രദ്ധയിൽപെട്ടതോടെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് വഴിയൊരുക്കി.
മീനങ്ങാടി ഗവ. ഹൈസ്കൂളിലാണ് ജോഷിത ആറു മുതല്‍ 10വരെ പഠിച്ചത്. ഇതിനിടെ തലശ്ശേരി ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനും അവസരം ലഭിച്ചു. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനം നല്‍കിയിരുന്ന ജസ്റ്റിന് മുന്‍കൈഎടുത്താണ് ജോഷിതയെ തലശ്ശേരി അക്കാദമിയിലെത്തിച്ചത്. അവിടത്തെ പരിശീലനം ജോഷിതയുടെ കരിയറിന് വലിയ മുതൽ ക്കൂട്ടായി. കേരളത്തിനായി അണ്ടര്‍-16, അണ്ടര്‍-19 വിഭാഗങ്ങളില്‍ ജോഷിത ജഴ്സിയണിഞ്ഞിട്ടുണ്ട്. ഓള്‍റൗണ്ടര്‍ ആണെങ്കിലും ഫാസ്റ്റ് ബൗളര്‍ എന്ന നിലയിലാണ് തിളങ്ങുന്നത്.
അണ്ടര്‍-19 ടീമിന്റെ ഭാഗമായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ജോഷിതക്ക് മുംബൈ ഇന്ത്യന്‍സ് സെലക്ഷന് ട്രയല്‍സിലേക്ക് വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.