കൽപറ്റ: ഓൺലൈൻ േഡറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് 13.50 ലക്ഷം രൂപ തട്ടിയ അസം സ്വദേശികളെ മുംബൈയിൽ നിന്ന് വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ഹബീബുൽ ഇസ്ലാം (25), അബ്ദുൽ ബാഷര്‍ (24) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിെൻറ നിർദേശ പ്രകാരം വയനാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ജിജീഷിെൻറ നേതൃത്വത്തില്‍ എസ്.സി.പി.ഒ കെ.എ. സലാം, സി.പി.ഒമാരായ പി.എ. ഷുക്കൂർ, എം.എസ്. റിയാസ്, ജബലു റഹ്മാൻ, സി. വിനീഷ് എന്നിവരടങ്ങിയ സംഘം മുംബൈയിലെ ഓശിവരാ എന്ന സ്ഥലത്തു നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്.
2021 ഡിസംബറിൽ സുൽത്താൻ ബത്തേരി സ്വദേശിനിക്ക് ഓൺലൈൻ വഴി േഡറ്റ എൻട്രി ജോലി നൽകി മാസം 35,000 രൂപ ശമ്പളം നൽകാം എന്ന് വിശ്വസിപ്പിച്ചു 'മേക് മൈ ട്രിപ്പ്' എന്ന കമ്പനിയുടെ വ്യാജ പേരിൽ പ്രതികൾ ഓൺലൈനിൽ ബന്ധപ്പെടുകയായിരുന്നു. ഉദ്യോഗാർഥിനിയെകൊണ്ട് േഡറ്റാ എൻട്രി ജോലി ചെയ്യിപ്പിക്കുകയും തുടർന്ന് ശമ്പളം ലഭിക്കുന്നതിനായി രജിസ്ട്രേഷൻ ചാർജ്, വിവിധ നികുതികള്‍, പ്രോസസിങ് ഫീ എന്നിവ അടക്കാൻ ആവശ്യപ്പെട്ട് തന്ത്രപൂർവം 13.50 ലക്ഷത്തോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് മനസ്സിലായ പരാതിക്കാരി വയനാട് സൈബർ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ മുംബൈയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കപ്പെട്ടതെന്ന് തിരിച്ചറിയുകയായിരുന്നു. നവി മുംബൈയിലെ ഗുൽഷൻ നഗർ എന്ന സ്ഥലത്തുള്ള ഗലിയിൽനിന്ന് ബാങ്ക് അക്കൗണ്ട് ഉടമകളായ രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ സൂത്രധാരന്മാരെ കുറിച്ച് സൂചനകൾ ലഭിച്ചത്.
തുടർന്ന് മുംബൈയിലെ ഓശിവരാ എന്ന സ്ഥലത്തുനിന്ന് വാഹനം തടഞ്ഞുനിർത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സമാന തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്.
പ്രതികളുടെ പക്കല്‍നിന്ന് തട്ടിപ്പിലൂടെ സമ്പാദിച്ച 5.35 ലക്ഷം രൂപയും കുറ്റകൃത്യം ചെയ്യാനായി ഉപയോഗിച്ച 13 മൊബൈൽ ഫോൺ, നിരവധി വ്യാജ സിം കാർഡുകൾ, മൂന്ന് ലാപ്ടോപ്, ആറു പവൻ സ്വർണാഭരണങ്ങൾ, നിരവധി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, 10 ലക്ഷത്തോളം രൂപയുള്ള ബാങ്ക് അക്കൗണ്ട്, പാസ് ബുക്ക്, ചെക്ക് ബുക്ക് എന്നിവയും കണ്ടെത്തി. പ്രതികളുടെ ബി.എം.ഡബ്ല്യു കാർ അടക്കം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.