കൽപറ്റ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്ന കാട്ടുപക്ഷികളിൽ ഒന്നായ ബാണസുര ചിലപ്പനെ ആകാശ ദ്വീപുകളിൽ നടത്തിയ സർവേയിൽ കണ്ടെത്തിയതിെൻറ ആഹ്ലാദത്തിൽ പക്ഷിനിരീക്ഷകർ. സംസ്ഥാന വനം-വന്യജീവി വകുപ്പും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും സംയുക്തമായി വയനാടൻ മലനിരകളിലെ ആകാശദ്വീപുകളെ കേന്ദ്രീകരിച്ചാണ് സർവേ സംഘടിപ്പിച്ചത്.
1500 മീറ്ററിന് മുകളിലുള്ള സവിശേഷ ആവാസവ്യവസ്ഥ നിലനിൽക്കുന്ന പർവതശിഖരങ്ങളെയാണ് ആകാശദ്വീപുകളായി കണക്കാക്കുന്നത്. ആഗോളതലത്തിൽ ബാണാസുര ചിലപ്പൻ നിലനിൽക്കുന്നത് വയനാട് ജില്ലയിലെ മൂന്ന് മലനിരകളെ മാത്രം കേന്ദ്രീകരിച്ചാണ്. ഈയിനം പക്ഷികളുടെ എണ്ണം വെറും 2500ൽ താഴെ മാത്രമാണ്.
സൗത്ത്, നോർത്ത് വയനാട് ഡിവിഷനുകളിലെ 18 ഓളം പ്രദേശങ്ങളിൽ തെക്കേ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള 58 ഓളം പക്ഷിനിരീക്ഷകർ രണ്ടുദിവസം നടത്തിയ സർവേയിൽ 177 ഇനം പക്ഷികളെ കണ്ടെത്തി. സമുദ്രനിരപ്പിൽനിന്നും 1500 മുതൽ 2100 മീറ്റർവരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കുറിച്ച്യാർമല, ബാണാസുരമല, സൂര്യമുടി, ബ്രഹ്മഗിരി, ചെമ്പ്ര, വെള്ളരിമല, മണ്ടമല, അമ്പമല, വണ്ണാത്തിമല എന്നീ മലനിരകളിൽനിന്ന് 45ഓളം ഇനങ്ങളെയാണ് കണ്ടെത്താനായത്. നിരവധി തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ മലനിരകൾ.
വന്യജീവി സംരക്ഷണ നിയമത്തിെൻറ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന 19ഓളം പരുന്തുകൾ, അഞ്ചിനം പ്രാവുകൾ, ഏഴിനം മരംകൊത്തികൾ, മൂന്നിനം ഡ്രോങ്കോകൾ, ആറിനം ബുൾബുളുകൾ മൂന്നിനം കാടുമുഴക്കികൾ എട്ടിനം പാറ്റപിടിയന്മാർ എന്നിവയെയും കണ്ടെത്തി.
നീലഗിരി ചോലക്കിളി, കരിഞ്ചെമ്പൻ പാറ്റപിടിയൻ, ചാരത്തലയൻ ബുൾബുൾ, കോഴി വേഴാമ്പൽ, ചെഞ്ചിലപ്പൻ, നീലഗിരി മരപ്രാവ്, കാട്ടുഞാലി, മണികണ്ഠൻ, കാട്ടുനീലി, പതുങ്ങൻചിലപ്പൻ, ചെറുതേൻകിളി, ഗരുഡൻ ചാരക്കിളി, നീലതത്ത, ആൽകിളി എന്നിവയാണ് സർവേയിൽ കണ്ടെത്തിയ മറ്റ് തദ്ദേശീയ ഇനം പക്ഷികൾ.
ഡി.എഫ്.ഒ ഷജ്ന കരീം, കൽപറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജോസ്, മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഹരിലാൽ, മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ രമ്യ, ബേഗൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷാജി എന്നിവരാണ് ഫീൽഡ്തല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സത്യൻ മേപ്പയൂർ, ഡോ. ആർ.എൽ. രതീഷ്, വി. ഡിവിൻ, യദുപ്രസാദ്, രാജേഷ്കുമാർ, സി. അരുൺ, അജ്മൽ, ജെയിൻ വർഗീസ്, ലതീഷ്, കൃഷ്ണമൂർത്തി, എസ്. കരൺ, രവീന്ദ്രൻ, ശോഭ ചന്ദ്രശേഖർ, സനുരാജ്, ലതിക, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.
ഇന്ത്യയിലെ അപൂർവ പക്ഷിയിനങ്ങളിലൊന്നായ ബാണാസുരചിലപ്പനെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി വയനാട്ടിലെ ക്യാമൽ ഹമ്പ് മലനിരകളെ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കണമെന്ന് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് ആവശ്യപ്പെട്ടു. വയനാട്ടിലെ ആകാശദ്വീപുകൾ വിവിധയിനം വരമ്പുകിളികൾ, പുൽക്കുരുവികൾ, പുള്ളുകൾ, വെള്ളിയറിയൻ എന്നിവയാൽ സമ്പന്നമാണ്. അവയുടെ പ്രജനന കേന്ദ്രങ്ങളായ പുൽമേടുകളെ സംരക്ഷിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.