കൽപറ്റ: ബാണാസുരസാഗര്‍ ജലസേചന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിയമസഭ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) നിർദേശം നൽകി. ആസൂത്രണ ഭവൻ എ.പി.ജെ ഹാളില്‍ നിയമസഭ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് സണ്ണി ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം ബാണാസുരസാഗര്‍ ജലസേചന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
2014 ലെ സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താനാണ് പി.എ.സി കമ്മിറ്റി ജില്ലയിലെത്തിയത്. പ്രവര്‍ത്തന ലക്ഷ്യം, കാലതാമസം, അധിക ചെലവ് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ നിയമസഭ സമിതി വിശദമായ അന്വേഷണം നടത്തി.
1999 ലാണ് ജലസേചന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 38 കോടി രൂപ ചെലവില്‍ നാലുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുകയായിരുന്നു ലക്ഷ്യം. 75 കോടി രൂപ ഇതിനകം ചെലഴിച്ചു. ഭൂമി ഏറ്റെടുക്കുന്നതിലുള്ള കാലതാമസം, കരാറുകാരുമായുളള കേസുകള്‍ തുടങ്ങിയവ സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായി. ആസൂത്രണ ബോര്‍ഡ് ഇടപെട്ടതിനെ തുടര്‍ന്ന് 2024-25 വര്‍ഷത്തില്‍ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.
ഇതിനായി 200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ജലസേചന വകുപ്പ് സെക്രട്ടറി അടക്കമുള്ളവരുടെ യോഗം വിളിച്ച് പദ്ധതി നിർമാണം വേഗത്തിലാക്കാനുള്ള ശിപാര്‍ശകള്‍ നല്‍കുമെന്ന് സമിതി ചെയര്മാന് സണ്ണിജോസഫ് എം.എല്‍.എ പറഞ്ഞു.
സാമാജികരും സമിതി അംഗങ്ങളുമായ മാത്യു ടി. തോമസ്, മഞ്ഞളാംകുഴി അലി, സി.എച്ച്. കുഞ്ഞമ്പു, എം. വിന്‍സന്റ്, എം. രാജഗോപാല്‍ തുടങ്ങിയവരും ജില്ലയിലെ എം.എൽ.എമാരായ അഡ്വ. ടി.സിദ്ദീഖ്, ഒ.ആർ. കേളു എന്നിവരുമടങ്ങിയ സമിതിയാണ് ബാണാസുരസാഗര്‍ ജലസേചന പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താന്‍ ജില്ലയിലെത്തിയത്. ജില്ല കലക്ടര്‍ ഡോ. രേണു രാജ്, എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കലക്ടര്‍ വി. അബൂബക്കര്‍, കോഴിക്കോട് ജലസേചന പദ്ധതി - 1 ചീഫ് എൻജിനീയര്‍ എം. ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൽപറ്റ: ബാണാസുര സാഗര്‍ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുമെന്ന് നിയമസഭ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അറിയിച്ചു.
ബാണാസുര സാഗര്‍ ജലസേചന പദ്ധതി പ്രദേശം സന്ദര്‍ശിച്ച സമിതി അംഗങ്ങളെ പ്രാദേശികമായി ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തി. റോഡ് തടസ്സപ്പെടുന്നതും കൃഷിയിടത്തിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ കനാലുകള്‍ തടസ്സമാകുന്നു തുടങ്ങിയ പരാതികള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സമിതി നിർദേശം നല്‍കും.
റോഡ് പുനര്‍നിർമാണം അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു പ്രാദേശികമായി ഉയര്‍ന്ന ആവശ്യങ്ങള്‍. നടപടി സ്വീകരിക്കുമെന്ന് സമിതി അറിയിച്ചു.
കൽപറ്റ: ആസൂത്രണ സമിതി അംഗീകരിച്ച ബാണാസുരസാഗര്‍ ജലസേചന പദ്ധതിയുടെ ഒന്നാം ഘട്ടം 2024 ഡിസംബറോടെ പൂര്‍ത്തിയാക്കും. ബാണാസുര അണക്കെട്ടിന്റെ സമീപ പഞ്ചായത്തുകളിലെ കൃഷിയിടത്തില്‍ ജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്.
പദ്ധതിക്കായി 1999 ല്‍ 37.88 കോടിയുടെ ഭരണാനുമതി ലഭിക്കുകയും 2000 ഓടെ പ്രധാന കനാലിന്റെ വിവിധ ശൃംഖലകളുടെ പ്രവൃത്തികള്‍ തുടങ്ങുകയും ചെയ്തു. ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ കാലതാമസമാണ് പദ്ധതി അനിയന്ത്രിതമായി നീളാന്‍ കാരണമായത്. പദ്ധതി നിർവഹണത്തിന് 28.232 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
മറ്റ് നടപടികള്‍ നടന്നുവരുകയാണ്. 2017 ല്‍ സംസ്ഥാന ആസൂത്രണ സമിതിയുടെയും ടെക്നിക്കല്‍ കമ്മിറ്റിയുടെയും ഉന്നത സമിതി അംഗങ്ങള്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുതുക്കിയ റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.