കൽപറ്റ: കലക്ടറേറ്റ് ഉള്‍പ്പെടെ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളില്‍ ബയോമെട്രിക് പഞ്ചിങ് ആരംഭിച്ചു. ആധാർ അധിഷ്ഠിത പഞ്ചിങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം കലക്ടര്‍ എ. ഗീത കഴിഞ്ഞദിവസം നിർവഹിച്ചു.
സിവില്‍ സ്റ്റേഷനില്‍ റവന്യൂ വിഭാഗം, സർവേ വകുപ്പ്, ആര്.ടി.ഒ, സാമൂഹികക്ഷേമം, ഐ.സി.ഡി.എസ്, ജില്ല പ്രബേഷന്‍ ഓഫിസ്, ജില്ല സപ്ലൈ ഓഫിസ്, ജില്ല മണ്ണ് സംരക്ഷണ ഓഫിസ്, പി.ഡബ്ല്യു.ഡി റോഡ്സ് തുടങ്ങിയ ഓഫിസുകളില്‍ പഞ്ചിങ് തുടങ്ങി. മുഴുവന്‍ ഓഫിസുകളിലും പഞ്ചിങ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
സിവിൽ സ്റ്റേഷനില്‍ അഞ്ച് പഞ്ചിങ് യന്ത്രങ്ങൾ പ്രവര്‍ത്തനസജ്ജമായി. ബാക്കി ഉടൻ സ്ഥാപിക്കും. ഓഫിസില്‍ പ്രവേശിക്കുമ്പോഴും ജോലി കഴിഞ്ഞ് ഇറങ്ങുമ്പോഴും പഞ്ചിങ് നിര്‍ബന്ധമാണ്. ആധാറിന്റെ അവസാനത്തെ എട്ട് അക്കങ്ങള്‍ രേഖപ്പെടുത്തി വിരലടയാളം നൽകി ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ക്ക് പഞ്ചിങ് രേഖപ്പെടുത്താം. രണ്ടാംഘട്ടത്തില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് നല്‍കും.
നിലവിൽ രാവിലെ 10.15, വൈകീട്ട് 5.15 എന്ന നിലയിലാണ് പഞ്ചിങ് സമയം ക്രമീകരിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് ഒരു മാസത്തില്‍ 300 മിനിട്ട് ഗ്രേസ് ടൈം ലഭിക്കും. താമസിയാതെ ജീവനക്കാരുടെ സേവന, വേതന സംവിധാനം നിയന്ത്രിക്കുന്ന സ്പാര്‍ക്കുമായി ഇത് ബന്ധിപ്പിക്കും.
സിവില്‍ സ്റ്റേഷനില്‍ കെല്‍ട്രോണ്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, കലക്ടറേറ്റ് ഐ.ടി സെല്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് യന്ത്രങ്ങൾ സ്ഥാപിക്കുന്നത്.
എ.ഡി.എം എന്‍.ഐ. ഷാജു, കലക്ടറേറ്റ് പഞ്ചിങ് നോഡല്‍ ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ കെ. ഗോപിനാഥ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അജീഷ്, വി. അബൂബക്കര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മുഹമ്മദ്, ഹുസൂര്‍ ശിരസ്തദാര്‍ ടി.പി. അബ്ദുൽ ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.