കൽപറ്റ: വയറും മനസ്സും നിറയുന്ന ഒരു നേരത്തെ അന്നവുമായി അവർ ജനങ്ങളെ സമീപിച്ചപ്പോൾ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു പ്രതികരണം.
22കാരെൻറ ജീവന് തണലേകാനുള്ള ആ ഉദ്യമത്തിൽ നാടൊന്നാകെ അണിചേർന്നതിെൻറ ആഹ്ലാദത്തിലാണ് വെങ്ങപ്പള്ളിയിലെ ജനങ്ങൾ. പിണങ്ങോട്, വെങ്ങപ്പള്ളി, കൽപറ്റ എന്നിവിടങ്ങളിലായി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ അഞ്ചുലക്ഷത്തോളം രൂപ സ്വരൂപിക്കാനായി.
ഫുട്ബാൾ കളിക്കുന്നതിനിടെ വീണ് ബോധരഹിതനായ പിണങ്ങോട് സ്വദേശി വിഷ്ണു കൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് രക്താർബുദമാണെന്ന് തിരിച്ചറിയുന്നത്. പിണങ്ങോടിയൻസ് വാട്സ്ആപ് കൂട്ടായ്മ പ്രാഥമിക ചികിത്സക്ക് പണം സ്വരൂപിച്ച് നൽകി.
15 ലക്ഷത്തോളം ചെലവുള്ള മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. രേണുക രക്ഷാധികാരിയായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഡബ്ല്യു.എം.ഒ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ താജ് മൻസൂർ ചെയർമാനും ഹൈസ്കൂൾകുന്ന് വാർഡംഗം കെ.പി. അൻവർ കൺവീനറും പി.കെ. ഷമീം ബക്കർ വർക്കിങ് ചെയർമാനുമായുള്ള കമ്മിറ്റി കവർ വിതരണത്തിലൂടെ 11 ലക്ഷത്തോളം രൂപ സ്വരൂപിച്ചു.
13 വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങളും മുഴുവൻ നാട്ടുകാരും വ്യാപാരികളും പ്രവാസി കൂട്ടായ്മകളും സംഘടനകളും ക്ലബുകളും ഡബ്ല്യു.എം.ഒ.എച്ച്.എസ്.എസ് എൻ.എസ്.എസും ഇതിൽ പങ്കാളികളായി.
ചികിത്സക്ക് ആവശ്യമായ ബാക്കി തുക കണ്ടെത്താനാണ് പഞ്ചായത്ത് യുവജന കൂട്ടായ്മ ഇന്നലെ ബിരിയാണി ചലഞ്ച് നടത്തിയത്. 100 രൂപക്ക് ഒന്ന് എന്ന തോതിൽ 2000 പാക്കറ്റ് ബിരിയാണി പാചകം ചെയ്ത് വിതരണം ചെയ്യാനാണ് സംഘാടകർ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഓരോ വാർഡിലും വളൻറിയർമാരെ നിയോഗിച്ച് ഓർഡർ സ്വീകരിച്ചു. കാരുണ്യപ്രവൃത്തി ജനങ്ങൾ ഏറ്റെടുത്തതോടെ 2000 എന്നത് 7500ൽ എത്തുകയായിരുന്നു.
ഏഴര ലക്ഷം രൂപ ലഭിച്ചതിൽ ഭക്ഷണ വിഭവങ്ങൾ വാങ്ങാനുള്ള ചെലവ് കഴിച്ചുള്ള അഞ്ചുലക്ഷത്തോളം രൂപ ചികിത്സക്ക് ലഭിക്കും. എ.പി. സാലിഹ്, ജാസർ പാലക്കൽ, മുത്തലിബ് കാളങ്ങാടൻ, മുഷ്താഖ് റഹ്മാൻ എന്നിവരും യുവജന കൂട്ടായ്മ അംഗങ്ങളും ചികിത്സ സഹായ കമ്മിറ്റിയും ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.