കൽപറ്റ: ഫോറസ്റ്റ് ഓഫിസറുടെ അലക്ഷ്യമായ ഡ്രൈവിങ് കാരണമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് അരക്കുതാഴെ തളർന്ന കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടയാൾക്ക് നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ വയനാട് ഡി.എഫ്.ഒക്ക് ഉത്തരവ് നൽകി. കുറ്റക്കാരായ വനം വകുപ്പുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം വയനാട് ഡി.എഫ്.ഒ കമീഷനിൽ സമർപ്പിക്കണം.
2009 ആഗസ്റ്റ് 10ന് ബേഗൂർ ഫോറസ്റ്റ് ഓഫിസർ വിനോദ്കുമാർ ഓടിച്ച ജീപ്പ് മറിഞ്ഞ് രണ്ട് പട്ടികവർഗക്കാർ മരിച്ച സംഭവത്തിലാണ് ഉത്തരവ്. പരാതിക്കാരനായ തിരുനെല്ലി കാട്ടിക്കുളം സ്വദേശി മുകുന്ദൻ സുഷുമ്നക്ക് ക്ഷതമേറ്റ് ശരീരം തളർന്ന് 12 വർഷമായി കിടപ്പിലാണ്. മുകുന്ദന് നഷ്ടപരിഹാരവും ലഭിച്ചില്ല. ബേഗൂർ റേഞ്ച് ഓഫിസർ എസ്. സജ്ജ്ന വിളിച്ച വനം വകുപ്പ് യോഗത്തിൽ പങ്കെടുക്കാൻ വിനോദ് കുമാറിന്റെ ജീപ്പിൽ പോയപ്പോഴായിരുന്നു അപകടം. വിനോദ് കുമാറിന്റെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.
മാനന്തവാടി പട്ടിക വർഗ വികസന ഓഫിസർ കമീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരന് വികലാംഗ പെൻഷൻ നൽകുന്നുണ്ട്. ചികിത്സക്ക് വാഹനം ഏർപ്പെടുത്തി നൽകാറുണ്ട്. ഒരു സ്വകാര്യ വ്യക്തിയിൽനിന്ന് വീൽചെയർ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് നഷ്ടപരിഹാരമോ ഇൻഷുറൻസോ ലഭ്യമാക്കിയിട്ടില്ല.
വനംമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും 50,000 രൂപ അനുവദിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും നൽകേണ്ടതാണെന്നും റിപ്പോർട്ടിലുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമീഷൻ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.