കല്പറ്റ: 30 വര്‍ഷമായി കച്ചവടം നടത്തിയിരുന്ന വയോധികന്റെ പെട്ടിക്കട തകർത്തതായി പ്രദേശവാസികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തിരുനെല്ലി റിസോര്‍ട്ടിലെ ജീവനക്കാര്‍ക്കും ഉടമക്കും എതിരെയാണ് പ്രദേശത്തുകാരായ യു.എസ്. സുരാജ്, കെ.എസ്. വിജീഷ്, സുധുലാല് അപ്പപ്പാറ, സി.വി. പ്രമോദ് എന്നിവര്‍ ആര്രോപണമുന്നയിച്ചത്.
നാട്ടുകാര്‍ നായരച്ചന് എന്ന് വിളിക്കുന്ന കോമ്പത്ത് വേലായുധന് നായരുടെ എടയൂര്‍ വളവിലെ പെട്ടിക്കട തകർത്തെന്നാണ് പരാതി. ഭാര്യയോ മക്കളോ ഇല്ലാത്ത നായരച്ചന്റെ ജീവിതോപാധിയായിരുന്നു ഈ കട. എടിയൂര്‍ തിമപ്പന്‍ ചെട്ടി വാക്കാല്‍ നല്കിയ റോഡരികിലെ സ്ഥലത്താണ് കച്ചവടം.
പിന്നീട് ഇതിനോട് ചേര്‍ന്ന സ്ഥലം റിസോര്‍ട്ട് ഉടമ വിലക്ക് വാങ്ങി. പിന്നാലെ നായരച്ചനെ ഇവിടെ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ഇതിനിടയില്‍ കാട്ടാന പെട്ടിക്കട തകർത്തു. തുടര്‍ന്ന് നാട്ടുകാരായ സൂരജും വിജീഷും എണ്‍പതിനായിരം രൂപയോളം ചിലവിട്ട് ഇവിടെ പഴയ പെട്ടിക്കടയുടെ സമാന വലിപ്പത്തില്‍ പുതിയത് നിര്‍മിച്ച് നല്കി.
അതിനിടെ, എണ്‍പത് പിന്നിട്ട നായരച്ചന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ചേര്‍ന്ന് വൃദ്ധസദനത്തിലേക്ക് മാറ്റി. പിന്നാലെ കട തകര്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നൽകിയ പരാതിയില്‍ തിരുനെല്ലി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.