മരവയലിലെ ജില്ല സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമാണം പൂർത്തിയായപ്പോൾ

ഓൺ യുവർ മാർക്ക്...ഗെറ്റ് സെറ്റ് ഗോ...ജില്ല സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിൽ

കൽപറ്റ: കായിക ഭൂമികയിൽ ജില്ലയുടെ സുവർണ സ്വപ്നങ്ങൾക്ക് കരുത്തു പകരാൻ എട്ടുവരി നീളത്തിൽ നയനമനോഹരമായ സിന്തറ്റിക് ട്രാക്കൊരുങ്ങി. കാലമേറെയായി വയനാട് കാത്തുകാത്തിരിക്കുന്ന ജില്ല സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം അടുത്തമാസം നടന്നേക്കും.

ജില്ല ആസ്ഥാനമായ കൽപറ്റ നഗരത്തിൽനിന്ന് വിളിപ്പാടകലെ മരവയലിൽ ഒരുങ്ങുന്ന സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറക്കുറെ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

സ്റ്റേഡിയത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള എട്ടുവരി ട്രാക്ക് നിർമാണം പൂർത്തിയായി. ട്രാക്കിൽ ഇനി കാര്യമായ പണികൾ ബാക്കിയില്ല. ലൈൻ ഇടൽ ഉൾപ്പെടെയുള്ള ജോലികൾ കഴിഞ്ഞു. 99 ശതമാനം ജോലികളും കഴിഞ്ഞെന്നും ഇനി ക്ലീനിങ് അടക്കമുള്ള ചെറു ജോലികൾ മാത്രമാണ് ശേഷിക്കുന്നതെന്നും നിർമാണ ചുമതല വഹിക്കുന്ന കിറ്റ്കോ അധികൃതർ വ്യക്തമാക്കി. കോവിഡും മഴയും കാരണമാണ് അൽപം നീണ്ടത്.

അല്ലെങ്കിൽ നേരത്തേ മുഴുവൻ ജോലികളും പൂർത്തിയാകുമായിരുന്നു. ട്രാക്ക് സ്ഥാപിക്കുന്ന ജോലി മഴയുള്ള സമയത്ത് നടത്തുന്നതിൽ സാങ്കേതികമായ ബുദ്ധിമുട്ടുള്ളതിനാലാണ് ആ ജോലി വേനലിലേക്ക് മാറ്റിവെച്ചത്. ജംപിങ് പിറ്റിന്റേതടക്കമുള്ള പണികളും പൂർത്തിയായിട്ടുണ്ട്. പിറ്റിൽ സ്റ്റാൻഡ് സ്ഥാപിക്കേണ്ട ജോലിയെ ബാക്കിയുള്ളൂ. ഫുട്ബാൾ ഗ്രൗണ്ടിൽ ഗോൾപോസ്റ്റ് ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ലെവലിങ്ങും പുല്ലുപോയ ഇടങ്ങളിൽ വളം ചെയ്ത് പുല്ല് വളർത്തിയെടുക്കുകയുമാണ് ശേഷിക്കുന്നത്. വേനൽ മഴ ലഭിച്ചതിനാൽ ഫുട്ബാൾ ഗ്രൗണ്ടിൽ പച്ചപ്പ് പടർന്നിട്ടുണ്ട്.

കിറ്റ്കോ ആണ് പദ്ധതിയുടെ നിർവഹണത്തിന് ചുക്കാൻ പിടിക്കുന്നത്. ജില്ല സ്പോർട്സ് കൗൺസിലിന് കീഴിലുള്ള സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള തുക ലഭ്യമാക്കിയത് കിഫ്ബി ഫണ്ടിൽനിന്നാണ്. ദേശീയ തലത്തിലുള്ള ഉന്നത ചാമ്പ്യൻഷിപ്പുകൾ നടത്താൻ പറ്റുന്ന രീതിയിലുള്ള ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയാണ് സ്റ്റേഡിയത്തിന്റെ നിർമാണം.

Tags:    
News Summary - Construction of District Stadium is in the final stages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.