കൽപറ്റ: പിന്നാക്ക ജില്ലകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷനല്‍ ജില്ല പദ്ധതിയില്‍ സാമ്പത്തിക-നൈപുണ്യ വികസന മേഖലയില്‍ വയനാടിന് മികച്ച നേട്ടം. ദേശീയാടിസ്ഥാനത്തില്‍ ഏപ്രില്‍ മാസത്തെ ഡെല്‍റ്റ റാങ്കിങ്ങില്‍ ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. രാജ്യത്തെ 112 ജില്ലകളില്‍ കേരളത്തിലെ ഏക ആസ്പിരേഷനല്‍ ജില്ലയാണ് വയനാട്.
ജില്ല ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ നബാര്‍ഡും ലീഡ് ബാങ്കും ജില്ലയിലെ മറ്റു ബാങ്കുകളുമായി സഹകരിച്ച് നടപ്പാക്കിവരുന്ന ‘സുരക്ഷാ 2023’ പദ്ധതിയിലൂടെ പുതുതായി ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ തുടങ്ങാനായതും പ്രധാനമന്ത്രിയുടെ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ പുതിയ അംഗങ്ങളെ ചേര്ക്കാനായതുമാണ് സാമ്പത്തിക വിഭാഗത്തിലെ നേട്ടത്തിന് മുഖ്യകാരണം.
നൈപുണ്യ വികസന മേഖലയില്‍ സ്കില്‍ സെക്രട്ടേറിയറ്റിന്റെയും ജില്ല സ്കില്‍ കമ്മിറ്റിയുടെയും ഇടപെടല്‍ മികച്ച റാങ്ക് ലഭിക്കുന്നതിന് കാരണമായി. നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജില്ല കലക്ടര്‍ ഡോ. രേണു രാജ്, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്. മണിലാല്‍ എന്നിവര്‍ അഭിനന്ദിച്ചു.
പദ്ധതിയുടെ ഭാഗമായി ജില്ലയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ 18 കോടി രൂപ ചലഞ്ച് ഫണ്ട് അനുവദിച്ചിരുന്നു. ആസ്പിരേഷനല്‍ ജില്ല പദ്ധതിയുടെ കീഴില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആര് ഫണ്ടില്‍ നിന്നും 4.5 കോടി രൂപയുടെ പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തിയായി.
രാജ്യത്തെ 112 പിന്നാക്ക ജില്ലകളെ വികസന പാതയിലേക്ക് കൊണ്ടുവരാനും അതുവഴി ആഗോള തലത്തില്‍ രാജ്യത്തിന്റെ മാനവ പുരോഗതി സൂചിക (എച്ച്.ഡി.ഐ) മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ ആരംഭിച്ചതാണ് ആസ്പിരേഷനല്‍ ജില്ല പദ്ധതി.
ദേശീയ-സംസ്ഥാന-പ്രാദേശിക പദ്ധതികളുടെ കേന്ദ്രീകരണം, ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനം, ജില്ലകള്‍ തമ്മിലുള്ള മത്സരക്ഷമത, സര്‍വോപരി കൂട്ടായ മുന്നേറ്റം വഴി പിന്നാക്ക ജില്ലകളെ ദ്രുതഗതിയില്‍ ഫലപ്രദമായി പരിവര്‍ത്തിപ്പിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ-പോഷണ മേഖല, വിദ്യാഭ്യാസം, കൃഷി-ജലവിഭവം, സാമ്പത്തിക-നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ അഞ്ച് മേഖലകളിലെ പുരോഗതിയാണ് പദ്ധതിയുടെ കീഴില്‍ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.