കല്‍പറ്റ: ആദിവാസി വീടുകളുടെ നിർമാണം പാതിവഴിൽ നിലച്ചതോടെ കല്‍പറ്റ നഗരസഭയില്‍ ഉള്‍പ്പെടുന്ന ഓടമ്പം പണിയ കോളനിക്കാര്‍ ദുരിതത്തില്‍. 40ഓളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ ഏഴോളം കുടുംബങ്ങളാണ് പാതിയിൽ നിർമാണം നിലച്ച വീടുകളില്‍ ജീവിതം തള്ളിനീക്കുന്നത്.
കാലവര്‍ഷം ആരംഭിക്കാൻ രണ്ടു മാസം ശേഷിക്കെ വൃദ്ധരും കുട്ടികളും സ്ത്രീകളുമടങ്ങുന്ന കുടുംബങ്ങള്‍ ഭീതിയോടെയാണ് അന്തിയുറങ്ങുന്നത്. കുരുടീസ് കല്ല് കൊണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ചു നൽകിയ പല വീടുകളും കാലപ്പഴക്കത്താല്‍ ചോരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിര ആവാസ് യോജന ഭവന പദ്ധതി പ്രകാരം നിര്‍മിച്ചതാണ് മിക്ക വീടുകളും. വീടുകളുടെ കോണ്‍ക്രീറ്റ് കമ്പികള്‍ തുരുമ്പെടുത്തതിനാല്‍ മേല്‍ക്കൂരകള്‍ അടര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. കോളനിയില്‍ കുടുംബങ്ങള്‍ വര്‍ധിച്ചതോടെ വീടിനോട് ചേര്‍ന്ന് ഷെഡുകള്‍ നിര്‍മിച്ചാണ് കുറച്ച് കുടുംബങ്ങള്‍ താമസിക്കുന്നത്. അര ഏക്കറോളം സ്ഥലത്താണ് ഓടമ്പം കോളനിയുള്ളത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ഇതിൽ കുറച്ചു കുടുംബങ്ങൾക്ക് വീട് നിർമാണത്തിന് വർഷങ്ങൾക്ക് മുമ്പേ തുക പാസായിരുന്നു. പണം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് വരുന്നതിനാൽ ഇവരിൽ നിന്ന് ഒപ്പിട്ട ചെക്കുകളും കരാറുകാർ മുൻകൂർ വാങ്ങുകയും അടിത്തറകെട്ടി ലിന്‍റൽ വരെയുള്ള പണികൾ തുടങ്ങിയിരുന്നു. ഏതാനും വീടുകൾ കോൺക്രീറ്റ് വരെ എത്തിച്ചു.
4,00,000 രൂപയാണ് ഒരു വീടിന് അനുവദിക്കുന്നത്. ഇതിൽ ബാക്കി തുക അനുവദിച്ചു കിട്ടിയില്ലെന്ന് കോളനിക്കാർ പറയുന്നു. നിയമപ്രകാരം വീട് നിർമാണത്തിന്‍റെ ഓരോ ഘട്ടവും ഉദ്യോഗസ്ഥർ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് പണം അനുവദിക്കേണ്ടത്. ഇവിടെ വീടുകളുടെ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.