കൽപറ്റ: കാർഷിക ഉൽപന്നങ്ങളുടെ വിലയിലുണ്ടാകുന്ന വർധന കർഷകർക്ക് പ്രതീക്ഷ നൽകുന്നു. കുരുമുളകിന് കിലോക്ക് 500 രൂപക്ക് അടുത്തെത്തി. കാപ്പി പരിപ്പിന് 300 രൂപക്ക് മുകളിലായി. റബറിനും ഇഞ്ചിക്കുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വില ഉയർന്നു. നേന്ത്രക്കായ കിലോക്ക് 27 രൂപയിൽ എത്തി. കഴിഞ്ഞവർഷം വിളവെടുപ്പിന്റെ തുടക്കത്തിൽ ഉണ്ടക്കാപ്പിക്ക് ക്വിന്റലിന് 9000 രൂപയാണ് വിലയുണ്ടായിരുന്നത്.
എന്നാൽ ഈ വർഷം വലിയ മുന്നേറ്റമാണ് വിപണിയിൽ ഉണ്ടായത്. തിങ്കളാഴ്ച 17,500 രൂപയാണ് കാപ്പിയുടെ വിപണി വില. ഇഞ്ചിവില ഒറ്റയടിക്ക് ചാക്കിന് 1200 രൂപ ഉയർന്ന് 6000 രൂപയിലെത്തി. നവംബർ ആദ്യം മുതൽ 4000 രൂപയിലായിരുന്ന പുതിയ ഇഞ്ചിയുടെ വില പിന്നീട് 4500 വരെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒറ്റയടിക്കാണ് വില ആറായിരത്തിലേക്ക് എത്തിയത്. കുരുമുളക് ക്വിന്റലിന് 6000 രൂപ ഉണ്ടായിരുന്നത് കുറഞ്ഞ് 47,000 രൂപയിലെത്തിയത് കർഷകരെ ആശങ്കയിലാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ വിപണിയിൽ വില 50,000 രൂപയുടെ അടുത്തെത്തിയിട്ടുണ്ട്. ക്വിന്റലിന് 1700 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് വളരെവേഗം ഉയർന്ന് ഏതാനും ദിവസങ്ങൾ കൊണ്ട് നേന്ത്രക്കായ വില 3000 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 2700 രൂപയാണ് വില ലഭിക്കുന്നത്. വേനൽ ശക്തിപ്രാപിച്ചതോടെ പുറമെനിന്നുള്ള കായ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.