കൽപറ്റ: മാനന്തവാടി സബ് ആർ.ടി.ഒ ഓഫിസിൽ 2021 ഫെബ്രുവരി 26 ന് നടന്ന വിജിലൻസ് മിന്നൽ പരിശോധനയിൽ ഏജന്റിൽനിന്ന് 23,900 രൂപ പിടിച്ചെടുത്ത സംഭവത്തിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അപാകതയില്ലെന്ന് മനുഷ്യാവകാശ കമീഷൻ.
കമീഷൻ അന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നിയമാനുസരണമായിരുന്നുവെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിരീക്ഷിച്ചത്. തന്റെ കൈയിൽനിന്ന് 23,900 രൂപയും പത്തോളം വാഹനങ്ങളുടെ രേഖകളും വിജിലൻസ് പിടിച്ചെടുത്തെന്ന ഏജന്റിന്റെ പരാതിയിലാണ് നടപടി.
മാനന്തവാടി എസ്.ആർ.ടി.ഒ ഓഫിസിൽ ഓൺലൈൻ വഴിയാണ് സേവനങ്ങൾ നൽകുന്നതെങ്കിലും ഏജന്റുമാർ ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി കമീഷൻ അന്വേഷണ വിഭാഗം കണ്ടെത്തി. ഇത്തരം ഏജന്റുമാരെ അപേക്ഷകരുടെ ഓതറൈസേഷൻ ഇല്ലാതെയാണ് ഓഫിസ് പരിസരത്ത് വിജിലൻസ് പരിശോധനാവേളയിൽ കണ്ടെത്തിയത്. ഏജന്റുമാരിൽനിന്ന് വിജിലൻസ് കണ്ടെത്തിയ പണം ഫീസ് ഒടുക്കുന്നതിനായി കൊണ്ടുവന്നതല്ലെന്നും ഓൺലൈനായാണ് ഫീസൊടുക്കുന്നതെന്നും കമീഷൻ കണ്ടെത്തി. എസ്.ആർ.ടി.ഒ ഓഫിസിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾക്ക് ഏജന്റുമാർ അപേക്ഷകരിൽനിന്ന് സർവിസ് ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നുണ്ട്. മാനന്തവാടി ചിറക്കര മക്കിമല സ്വദേശി വിജയകുമാർ കമീഷനിൽ സമർപ്പിച്ച പരാതി അവാസ്തവമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വാഹനത്തിന്റെ രേഖകൾ ശരിയാക്കുന്നതിനുള്ള തുക പരാതിക്കാരൻ വിജിലൻസ് പരിശോധനക്ക് മുമ്പുതന്നെ അടച്ചതാണെന്നും കമീഷൻ കണ്ടെത്തി. വിജിലൻസ് പരിശോധനക്ക് ശേഷം 3935 രൂപ മാത്രമാണ് പരാതിക്കാരൻ അടച്ചിട്ടുള്ളത്. എന്നാൽ പിടിച്ചെടുത്ത 23,900 രൂപ ഒരു വാഹനത്തിന്റെ രേഖകൾ ശരിയാക്കുന്നതിന് വേണ്ടിയുള്ളതാണെന്നാണ് പരാതിക്കാരൻ കമീഷനെ അറിയിച്ചത്. പരാതി വിഷയത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടില്ലെന്നും കമീഷൻ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.