കല്പറ്റ: നഗരസഭയുടെ അടുത്ത ചെയർമാൻ ആരാവണമെന്നതിനെ കുറിച്ച് കോൺഗ്രസിൽ പോര്. രണ്ടര വർഷത്തിനു ശേഷം ചെയർമാൻ സ്ഥാനം കോൺഗ്രസിന് നൽകണമെന്ന മുൻ ധാരണയുടെ അടിസ്ഥാനത്തിൽ കാലാവധി പൂർത്തിയാക്കിയ നിലവിലെ ചെയർമാൻ മുസ് ലിം ലീഗിലെ കേയംതൊടി മുജീബ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും അടുത്ത ചെയർമാൻ ആരാവണം എന്നതിനെകുറിച്ചുള്ള കോൺഗ്രസിലെ തർക്കം കാരണം തൽസ്ഥാനത്തു തന്നെ തുടരാൻ അദ്ദേഹത്തോട് നിർദേശിച്ചിരിക്കുകയാണ്.
എമിലി ഡിവിഷനില്‍നിന്നുള്ള അഡ്വ. ടി.ജെ. ഐസക്കും മടിയൂര്‍ ഡിവിഷനെ പ്രതിനിധാനംചെയ്യുന്ന പി. വിനോദ്കുമാറുമാണ് ചെയര്മാന് പദവിക്ക് രംഗത്തുള്ളത്. അതേസമയം, ചെയർമാൻ പദവി ലഭിച്ചില്ലെങ്കിൽ സി.പി.എമ്മുമായി ചേർന്ന് ഭരണത്തിലേറാനുള്ള ശ്രമം ഒരുവിഭാഗം നടത്തുന്നതായും സൂചനയുണ്ട്.
രണ്ടു വിഭാഗവും വിട്ടുവീഴ്ചക്ക് തയാറാവാത്ത സാഹചര്യത്തിൽ അടുത്ത ദിവസം നടക്കുന്ന ഡി.സി.സി യോഗത്തിൽ തീരുമാനമുണ്ടാക്കാമെന്നും അതുവരെ രാജിവെക്കരുതെന്നും നിലവിലെ ചെയർമാനോട് ആവശ്യപ്പെട്ടതായാണ് വിവരം.
ഏത് നിമിഷവും രാജിവെക്കേണ്ടിവരുമെന്നതിനാൽ ഭരണകാര്യങ്ങളിൽ ചെയർമാൻ ഇടപെടാത്തത് നഗരസഭയിൽ ഭരണ സ്തംഭനത്തിനും കാരണമാവുന്നുണ്ട്. 28 ഡിവിഷനുകളാണ് നഗരസഭയില്‍. യു.ഡി.എഫിന് 15 ഉം എല്‍.ഡി.എഫിന് 13ഉം കൗണ്‍സിലര്‍മാരുണ്ട്. യു.ഡി.എഫില്‍ മുസ്ലിം ലീഗിനു ഒമ്പതും കോണ്‍ഗ്രസിനു ആറും അംഗങ്ങളാണുള്ളത്.
കൽപറ്റ ബ്ലോക്ക് പഞ്ചായത്തിലും ധാരണയനുസരിച്ച് രണ്ടര വർഷത്തിനു ശേഷം ഭാരവാഹിത്വം മാറേണ്ടതുണ്ട്. നിലവിൽ മുസ്ലിം ലീഗ് പ്രതിനിധിയാണ് പ്രസിഡന്റ്. പ്രസിഡന്റ് പദവി തുടരാൻ അനുവദിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിക്കാൻ കോൺഗ്രസ് തയാറായിട്ടില്ല.
ഡി.സി.സി പ്രസിഡന്റിന്റെ അടുത്ത ആളാണ് അടുത്ത ബ്ലോക്ക് പ്രസിഡന്റാവാൻ തയാറെടുത്ത് നിൽക്കുന്നതെന്നാണ് കാരണമായി പറയുന്നത്. ജൂലൈ അഞ്ചിനകം മുൻ ധാരണ പ്രകാരം സ്ഥാനം മാറേണ്ടവരെല്ലാം രാജിവെക്കാനാണ് കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ തീരുമാനമായത്. എന്നാൽ മൂന്ന് പഞ്ചായത്തുകളിൽ മാത്രമാണ് രാജിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.