കൽപറ്റ: 42 വർഷം മുമ്പ് പടിയിറങ്ങിപ്പോയ തിരുമുറ്റത്തേക്ക് എല്ലാ തിരക്കുകളിൽനിന്നുമകന്ന് അവർ 'ഒരു വട്ടംകൂടി'യെത്തി. രാവിലെ ബെല്ലടിച്ച് സ്കൂൾ അസംബ്ലി തുടങ്ങിയതും ഓർമകളിലേക്കുള്ള തിരിച്ചുപോക്കിെൻറ പാഠങ്ങൾ ഒന്നൊന്നായി മുന്നിൽ ഇതൾവിരിഞ്ഞു. പിന്നെ, ആ ഓർമകളിൽ മേഞ്ഞ്, കളിചിരികളിൽ നിറഞ്ഞ് പഴയ 10ാം ക്ലാസുകാരായി.
കാർക്കശ്യമില്ലാത്ത വാത്സല്യത്തിെൻറ നിറസ്നേഹവുമായി പഴയ അധ്യാപകരും ഗൃഹാതുരത്വത്തിെൻറ വഴികളിലേക്ക് നടന്നെത്തിയതോടെ ഓർമകൾക്ക് അത്രമേൽ മധുരമുണ്ടായിരുന്നു. അന്ന് ഹെഡ്മാസ്റ്റർ ആയിരുന്ന പി. നാരായണൻ നമ്പ്യാർ മാസ്റ്ററുടെ ആശംസ സന്ദേശം പ്രക്ഷേപണം ചെയ്ത് തുടങ്ങിയ ചടങ്ങ്, മനസ്സടുപ്പംകൊണ്ടും പുതുമകൾകൊണ്ടും പതിറ്റാണ്ടുകൾക്കു ശേഷം ഓർമകളിലേക്ക് പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്തു.
കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽനിന്ന് 1979ൽ പഠിച്ചിറങ്ങിയ 10ാംതരം ബാച്ച് പൂർവവിദ്യാർഥികൾ 'ഒരുവട്ടംകൂടി' എന്ന പേരിൽ സ്കൂളിൽ വീണ്ടും ഒത്തുചേർന്നതിന് പ്രത്യേകതകൾ ഏറെയുണ്ടായിരുന്നു. സമൂഹത്തിെൻറ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് കേരളത്തിനകത്തും പുറത്തുമായി ജീവിക്കുന്ന 112 പൂർവ വിദ്യാർഥികളാണ് 42 വർഷത്തിനു ശേഷം സ്നേഹം പുതുക്കാനെത്തിയത്. റിട്ടയർമെൻറ് കാലത്തും പഴയ സ്കൂൾ ഓർമകൾക്കൊപ്പം സഞ്ചരിച്ച 'വിദ്യാർഥിക്കൂട്ടം' രാവിലെ സ്കൂൾ അസംബ്ലി മുതൽ വൈകീട്ടത്തെ ദേശീയഗാനം വരെ സ്കൂളിൽ പുനർസൃഷ്ടിച്ചു. 1979ലെ 16 അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരും ശാരീരിക അവശതകൾ മറന്നും സംഗമത്തിൽ പങ്കെടുക്കാനെത്തി. ഇവരെ 'ഗുരുദക്ഷിണ' എന്ന ചടങ്ങിൽ ആദരിച്ചു.
തിരുമുറ്റത്തൊരു കോണിൽ ബ്ലാക്ബോർഡിൽ പതിച്ച വലിയ കറുപ്പും വെളുപ്പും ചിത്രത്തിനു മുന്നിലും ആളേറെയുണ്ടായിരുന്നു. 'ഞാനാരാ?'എന്ന പേരിൽ വലുതാക്കി പ്രദർശിപ്പിച്ച പഴയ ഗ്രൂപ് ഫോട്ടോയിൽ ആളുകൾ തങ്ങളെ തിരയുന്നത് കൗതുകമേറിയ കാഴ്ചയായി.
എം.വി. ശ്രേയാംസ് കുമാർ എം.പി ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ. കുഞ്ഞമ്മദ് അധ്യക്ഷതവഹിച്ചു. ഇക്കാലത്തിനിടെ മരണമടഞ്ഞ അധ്യാപകരുടെയും സഹപാഠികളുടെയും വിയോഗത്തിൽ യോഗം അനുശോചിച്ചു. കൺവീനർ ഇ.കെ. ബിജുജൻ സ്വാഗതവും യു.എ. അഷറഫ് നന്ദിയും പറഞ്ഞു.
വിദേശത്തുള്ളവർ ഉൾപ്പെടെ, ഒത്തുചേരലിന് എത്താൻ കഴിയാത്തവർക്കായി പരിപാടികൾ മുഴുനീളം ഓൺലൈൻ പ്ലാറ്റ്ഫോമിൽ തത്സമയം സംപ്രേഷണം ചെയ്തു. ബാച്ചിെൻറ വകയായി സ്കൂൾ അങ്കണത്തിൽ നിർമിച്ച ഷട്ട്ൽ കോർട്ട് ശ്രേയാംസ് കുമാർ എം.പി സ്കൂൾ ഹെഡ്മാസ്റ്റർ എം.കെ. അനിൽകുമാറിന് കൈമാറി. വിദ്യാർഥികൾക്കായി നൽകിയ രണ്ട് സൈക്കിളുകൾ വിനോദ് കൃഷ്ണൻ, ആസാദ് എന്നിവർ സമർപ്പിച്ചു. വൈകീട്ട് അഞ്ചിന് ദേശീയ ഗാനാലാപനത്തിനുശേഷം വിദ്യാർഥികൾ മടങ്ങിയത് ഓർമകളിൽ പഴയ സ്കൂൾ കാലം നിറച്ച ഊർജസ്വലതയുമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.