കൽപറ്റ: നാടിനെ നടുക്കിയ കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിന്റെ വാദം പൂർത്തിയായതോടെ ഫെബ്രുവരി 19ന് ജില്ല സെഷൻസ് കോടതി വിധി പറയും. അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ വിചാരണ ഡിസംബറിൽ പൂർത്തിയാക്കിയിരുന്നു. തുടർന്ന് പ്രതി വിശ്വനാഥനെ ചോദ്യംചെയ്ത ശേഷമാണ് വാദം തുടങ്ങിയത്.
ചൊവ്വാഴ്ചയാണ് പ്രോസിക്യൂഷനും പ്രതിഭാഗം വക്കീലും തമ്മിലുള്ള വാദം തുടങ്ങിയത്. കഴിഞ്ഞദിവസം പൂർത്തിയായി. പ്രതിക്കുവേണ്ടി ഷൈജു മാണിശ്ശേരിയും പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവുമാണ് ഹാജരായത്. 2018 ജൂലൈ ആറിനായിരുന്നു ഇരട്ടക്കൊലപാതകം. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഒരു തുമ്പും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പൊലീസിന് കനത്ത വെല്ലുവിളിയായിരുന്നു. കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് സ്ഥിരീകരിക്കാനും ആദ്യം സാധിച്ചിരുന്നില്ല. രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനെ (45) പൊലീസ് അറസ്റ്റുചെയ്തു.
കേസിൽ എഴുന്നൂറോളം പേരെയാണ് പൊലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയിൽ ഉൾപ്പെട്ട ആളായിരുന്നു. അറസ്റ്റിലായ അന്നുമുതൽ വിശ്വനാഥൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് ജില്ല സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. ഇതുവരെ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.