കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിൽ 14,64,472 വെള്ളിയാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കും. വോട്ടെടുപ്പിനുള്ള എല്ലാ സംവിധാനങ്ങളും സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.
സുതാര്യമായും സമാധാനാപരമായും വോട്ടവകാശം വിനിയോഗിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയെന്ന് അവർ വ്യക്തമാക്കി. രാവിലെ 5.30ന് എല്ലാ കേന്ദ്രങ്ങളിലും മോക് പോളിങ്ങ് തുടങ്ങും. സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടുയന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയാണ് മോക്ക് പോള്‍. രാവിലെ ഏഴ് മുതല്‍ വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്തി വോട്ടു ചെയ്യാം.
വൈകീട്ട് ആറുവരെയാണ് പോളിങ് സമയം. വ്യാഴാഴ്ച ഉച്ചയോടെ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. മുട്ടില്‍ ഡബ്ല്യു.ഒ.എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വോട്ടിങ് യന്ത്രങ്ങളുടെയും പോളിങ് സാമഗ്രികളുടെയും വിതരണം കലക്ടര്‍ നേരിട്ട് വിലയിരുത്തി. ജോലിക്കായി നിയോഗിച്ച ജീവനക്കാരില്‍നിന്ന് കലക്ടര്‍ വിവരങ്ങള്‍ ആരാഞ്ഞു.
മാനന്തവാടി സെന്റ് പാട്രിക് സ്കൂളില്‍ സബ കലക്ടര്‍ മിസല്‍ സാഗര്‍ ഭരത് പോളിങ് സാമഗ്രികളുടെ വിതരണത്തിന് നേതൃത്വം നല്കി. സുല്‍ത്താന്‍ ബത്തേരിയില്‍ സെന്റ് മേരീസ് കോളജിൽനിന്നാണ് പോളിങ്ങ് സാമഗ്രികൾ വിതരണം ചെയ്തത്. തിരുവമ്പാടിയില്‍ അല്‍ഫോണ്‍സ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഏറനാടില്‍ മഞ്ചേരി ചുള്ളക്കാട് ജി.യു.പി.എസ്, നിലമ്പൂരില്‍ ചുങ്കത്തറ മാര്‍ത്തോമ കോളജ്, വണ്ടൂരില്‍ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പോളിങ് സാമഗ്രികളുടെ വിതരണം.
വോട്ടെടുപ്പ്-സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ചതന്നെ അതത് പോളിങ് സ്റ്റേഷനുകളിലെത്തി. ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പുറമെ 20 ശതമാനം ജീവനക്കാര്‍ റിസര്‍വായുമുണ്ട്.
കൽപറ്റ: ജില്ലയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ സംവിധാനം. വയനാട് മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളില്‍ ആയിരത്തിലധികം കാമറകളാണ് ഇതിനായി സജ്ജമാക്കിയത്. ഒരു ബൂത്തില്‍ ഒരു കാമറവീതം നിരീക്ഷണത്തിനുണ്ടാകും. പ്രശ്നബാധിത ബൂത്തുകളില്‍ നാല് കാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
വോട്ടിങ് പ്രക്രിയ ഒഴികെയുള്ള ബൂത്തിലെ ദൃശ്യങ്ങള്‍ ജില്ല ആസ്ഥാനത്ത് കലക്ടറേറ്റില്‍ സജ്ജീകരിച്ചിട്ടുള്ള കണ്ട്രോള് റൂമില്‍ നിരീക്ഷിക്കും. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെബ് കാസ്റ്റിങ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുണ്ട്.
35 സ്ക്രീനുകള്‍ ഇവിടെ നിരീക്ഷണത്തിനായുണ്ട്. വിവിധ വകുപ്പിലെ നൂറോളം ജീവനക്കാരെയാണ് പ്രത്യേക നിരീക്ഷണത്തിനായി ഇവിടെ നിയോഗിച്ചിട്ടുള്ളത്. വയനാടിന് പുറത്തുള്ള നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളും വെബ് കാസ്റ്റിങ് കണ്ട്രോള് റൂമില്‍ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ട്.
കൽപറ്റ: ജില്ലയില്‍ 32644 പുതിയ വോട്ടര്‍മാരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. വയനാട് ലോക്സഭ മണ്ഡലത്തില്‍ 15224 ഭിന്നശേഷി വോട്ടര്‍മാരാണുള്ളത്. അതില്‍ 8496 പുരുഷമാരും 6728 സ്ത്രീകളുമാണുള്ളത്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 6102 ഭിന്നശേഷി വോട്ടര്‍മാരുണ്ട്.
9970 പേരാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍. ജില്ലയില്‍ 100 വയസിന് മുകളില്‍ 49 പേര് സമ്മതിദാനാവകാശം വിനിയോഗിക്കും. ജില്ലയില്‍ 18നും 19നും വയസ്സിനിടയില്‍ 8878 വോട്ടര്‍മാരുണ്ട്. 4518 പുരുഷന്മാരും 4360 സ്ത്രീകളും ഉള്‍പ്പെടും. 2049 സർവിസ് വോട്ടര്‍മാരും വയനാട് മണ്ഡലത്തിലുണ്ട്.
ഏഴ് നിയോജകമണ്ഡലങ്ങളിലായി 1327 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കല്പറ്റ 187, മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 216, വണ്ടൂര്‍ 205, നിലമ്പൂര്‍ 202, ഏറനാട് 163, തിരുവമ്പാടി 178 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
ഏറനാട് രണ്ട്, വണ്ടൂര്‍ ഒന്ന് ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പോളിങ് സാമഗ്രികളുടെ വിതരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. മാനന്തവാടിയില്‍ സെന്റ് പാട്രിക്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍, സുൽത്താൻ ബത്തേരിയില്‍ സെന്റ് മേരീസ് കോളജ്, കല്പറ്റയില് മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവയാണ് വിതരണ-സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുക.
തിരുവമ്പാടി മണ്ഡലത്തില്‍ അല്‍ഫോണ്‍സ സീനിയര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍, ഏറനാട് ജി.യു.പി.എസ് ചുള്ളക്കാട് മഞ്ചേരി, നിലമ്പൂര്‍ മാര്‍ത്തോമ കോളേജ് ചുങ്കത്തറ, വണ്ടൂര്‍ മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചുങ്കത്തറയുമാണ് പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍.
വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ട്രോങ് റൂമും വോട്ടെണ്ണല്‍ കേന്ദ്രവും മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ വണ്ടൂര്‍ ഏറനാട് നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ചുങ്കത്തറ മാര്‍ത്തോമ്മ കോളജിലാണ് നടക്കുക. തിരുവമ്പാടി മണ്ഡലത്തില്‍ അല്‍ഫോണ്‍സ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെണ്ണല്‍.
84 പ്രത്യേക സുരക്ഷാബൂത്തുകളും രണ്ട് പ്രശ്നബാധിത ബൂത്തുകളുമാണ് ജില്ലയിലുളളത്. മാനന്തവാടി 50, കല്പറ്റ 28, സുല്‍ത്താന്‍ബത്തേരി ആറ് എന്നിങ്ങനെയാണ് പ്രത്യേക സുരക്ഷ ബൂത്തുകള്‍. സുരക്ഷാബൂത്തുകളില് സുഗമമായ പോളിങ്ങിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
ജില്ലയില്‍ 49 മാതൃക പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കി. എല്ലാ വില്ലേജുകളിലും ഒന്ന് എന്ന കണക്കിലാണ് മാതൃക പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയത്. എല്ലാ പോളിങ് സ്റ്റേഷന് ലൊക്കേഷനുകളിലും വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും.
അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ് എന്നിവയും വോട്ടുചെയ്യാന്‍ പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ശുചിമുറികളുണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിർദേശങ്ങള്‍ നല്കുന്ന സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇത്തവണ സ്ത്രീകള്‍ മാത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിട്ടുള്ള പിങ്ക് ബൂത്തുകളും വയനാട്ടില്‍ സജ്ജീകരിക്കുന്നുണ്ട്.
കല്പറ്റ ഹിദായത്തുൽ ഇസ്ലാം മദ്റസ യു.പി സ്കൂള്‍, മാനന്തവാടി ലിറ്റില്‍ ഫ്ലവര്‍ യു.പി സ്കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് എന്നിവയാണിത്. ഇവിടെ പോളിങ്ങ് ഉദ്യോഗസ്ഥര്‍ തുടങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍വരെ സ്ത്രീകളായിരിക്കും. യൂത്ത് ബൂത്തും ഇത്തവണത്തെ പ്രത്യേകതയാണ്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ചെട്ട്യാലത്തൂര്‍, കുറിച്യാട് എന്നിവിടങ്ങളിലാണ് യൂത്ത് ബൂത്ത്. ഇവിടെ യുവാക്കളായിരിക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.
ഭിന്നശേഷിക്കാര്‍ക്കും 85നു മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്കുന്ന ഹോം വോട്ടിങ് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും പൂര്‍ത്തിയായി. 5451 പേരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ 5154 പേര് വീട്ടില്‍നിന്ന് വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കരില് 2236 അപേക്ഷ ലഭിച്ചതില്‍ 2137 വോട്ടുകള്‍ രേഖപ്പെടുത്തി. അവശ്യ സർവിസ് വിഭാഗത്തില്‍ 1047 പേരിൽല് 799 പേര് ഇതിനകം വോട്ടുചെയ്തു.
ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചവരില്‍ 904 അപേക്ഷകരില്‍ 551 പേര് വോട്ടവകാശം വിനിയോഗിച്ചു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലും ഡ്യൂട്ടിക്കായി നിയോഗിച്ചവര്‍ക്ക് വോട്ട് ചെയ്യാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൽപറ്റ: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തില്‍ വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെയും സ്ട്രോങ് റൂം സജ്ജീകരിച്ചിരിക്കുന്നത് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജിൽ. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് , മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജ് എന്നിവടങ്ങളാണ് സ്വീകരണ കേന്ദ്രങ്ങള്‍.
സ്വീകരണം പൂര്‍ത്തിയാകുന്നതോടെ വോട്ടിങ് യന്ത്രങ്ങള്‍ മുട്ടിലിലെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റും. നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭ മണ്ഡലങ്ങളിലെ സ്ട്രോങ് റൂം ചുങ്കത്തറ മാര്‍ത്തോമ കോളജിലാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരുവമ്പാടി മണ്ഡലത്തില്‍ അല്‍ഫോണ്‍സാ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് വോട്ടുയന്ത്രങ്ങള്‍ സൂക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.