കൽപറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി ഖനന പ്രദേശത്ത് നിന്നു വന്‍ തോതില്‍ മണ്ണ് നീക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. നീക്കം ചെയ്ത മണ്ണ് ക്വാറി പ്രദേശത്ത് തന്നെ കൂമ്പാരമായി കൂട്ടിയിട്ട് പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. മഴ പെയ്താല്‍ ഈ മണ്ണ് ഒലിച്ചിറങ്ങി സമീപത്തെ കൃഷിയിടത്തിലേക്കും ജനവാസ കേന്ദ്രത്തിലേക്കും എത്താനുള്ള സാധ്യത ഏറെയാണ്.
മഞ്ഞിലേരി ആദിവാസി കോളനി ഉള്‍പ്പെടെ ഇരുപതോളം വീട്ടുകാര്‍ ആശങ്കയോടെയാണ് ജീവിക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് ക്വാറി പ്രദേശത്ത് നിന്നു മണ്ണ് സമീപ ഇടങ്ങളിലേക്ക് ഒലിച്ചിറങ്ങിയിരുന്നു.
എന്നാല്‍, വലിയ തോതിലുള്ള മണ്ണ് ശേഖരം ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ഖനന പ്രദേശത്ത് നിന്നു മണ്ണ് നീക്കാന്‍ ചെയ്യാന്‍ പാടില്ലെന്ന നിയമം ഉണ്ടായിരിക്കെയാണ് തുടര്‍ച്ചയായി നിയമലംഘനം ക്വാറി ഉടമകള്‍ നടത്തുന്നത്. മാസങ്ങളായി പ്രദേശത്ത് മണ്ണു മാന്തി യന്ത്രവും മറ്റും ഉപയോഗിച്ച് മണ്ണ് നീക്കുന്നുണ്ട്. വിവരം മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെയും സബ് കലക്ടര്‍ ഓഫിസിലും അറിയിച്ചിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്.
കാലവര്‍ഷം ശക്തമായാലുള്ള കെടുതികള്‍ തടയാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചെയര്മാന് പി. കുഞ്ഞമ്മദ്, കെ. ദാമോദരക്കുറുപ്പ്, സലീം ബാവ, സി. ഷൈജല്‍, ഷാജി മഞ്ഞിലേരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.