ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി​യ മു​ണ്ടേ​രി മ​ര​വ​യ​ലി​ലെ ജി​ല്ല സ്റ്റേ​ഡി​യം

കാത്തിരിപ്പിന് വിരാമം; ജില്ല സ്റ്റേഡിയം 26ന് നാടിന് സമർപ്പിക്കും

കൽപറ്റ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വയനാട്ടുകാരുടെ ആ സ്വപ്നവും യാഥാര്‍ഥ്യമാവുകയാണ്. ട്രാക്കിലും ഫീൽഡിലുമായി ദേശീയ-അന്തർദേശീയ തലങ്ങളിൽ ഒരുപിടി താരങ്ങളെ സമ്മാനിച്ച വയനാടിന്‍റെ സ്വന്തം സ്റ്റേഡിയം സെപ്റ്റംബർ 26ന് നാടിന് സമർപ്പിക്കും.

കൽപറ്റ മുണ്ടേരി മരവയലിൽ നിർമാണം പൂർത്തിയായ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള ജില്ല സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം ആഘോഷമാക്കാനൊരുങ്ങുകയാണ് നാട്. സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചും ഉദ്ഘാടനം സംബന്ധിച്ചുമുള്ള നേരത്തെയുണ്ടായിരുന്ന അവ്യക്തതകളെല്ലാം മാറി സ്റ്റേഡിയം യഥാർഥ്യമായതിന് പിന്നിൽ പ്രവർത്തിച്ചവരെ ഉൾപ്പെടുത്തികൊണ്ടുള്ള വിപുലമായ പരിപാടികളാണ് 26ന് നടക്കുക.

ജില്ല സ്പോർട്സ് കൗൺസിലിന്‍റെ സ്വപ്നപദ്ധതിയും ജില്ലയിലെ കായിക താരങ്ങളുടെ ചിരകാലാഭിലാഷവുമാണ് യാഥാർഥ്യമാകുന്നതെന്നും 26ന് വൈകിട്ട് നാലിന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ, ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുമെന്നും കൽപറ്റ നഗരസഭ ചെയർമാൻ കെ.എം.തൊടി മുജീബ്, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എം. മധു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടനത്തിനുശേഷം വൈകിട്ട് 6.30 കേരള പൊലീസും സന്തോഷ് ട്രോഫി താരങ്ങൾ ഉൾപ്പെടെയുള്ള യുനൈറ്റഡ് എഫ്.സിയും തമ്മിലുള്ള സൗഹൃദ ഫുട്ബാൾ മത്സരവും നടക്കും. ഉദ്ഘാടന ചടങ്ങിൽ ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിക്കും.

രാഹുൽ ഗാന്ധി എം.പി, എം.എൽ.എമാരായ ഒ.ആർ കേളു, ഐ.സി ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരയ്ക്കാർ, മുനിസിപ്പൽ ചെയർമാൻ കെ.എം. മുജീബ്, മുൻ എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, എം.വി ശ്രേയാംസ്കുമാർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സികുട്ടൻ, കായിക യുവജന കാര്യവകുപ്പ് ഡയറക്ടർ പ്രേം കൃഷ്ണൻ, ജില്ല കലക്ടർ എ. ഗീത, പ്രശസ്ത ഫുട്ബാൾ താരം ഐ.എം വിജയൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് ഒ.കെ. വിനീഷ്, സെക്രട്ടറി അജിത്ത് ദാസ് തുടങ്ങിയവർ പങ്കെടുക്കും.

1987ലാണ് അന്നത്തെ ജില്ല സ്പോർട്സ് കൗൺസിലിന്‍റെ വൈസ് പ്രസിഡന്‍റും ജില്ലയിലെ പൗര പ്രമുഖനുമായ എം.ജെ വിജയപത്മൻ, ചന്ദ്രപ്രഭാ ചാരിറ്റബൾ ട്രസ്റ്റിന്‍റെ വകയായി ഗ്രൗണ്ടിനാവശ്യമായ എട്ട് ഏക്കർ ഭൂമി സൗജന്യമായി നൽകിയത്.

2016ലെ സർക്കാറിന്‍റെ കാലത്ത് അന്നത്തെ സ്ഥലം എം.എൽ.എ സി.കെ ശശീന്ദ്രന്‍റെയും ജില്ല സ്പോർട്സ് കൗൺസിലിന്‍റെയും ശ്രമഫലമായിട്ടാണ് സ്റ്റേഡിയം നിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിച്ചുകിട്ടിയത്. 18.67 കോടി രൂപയാണ് കിഫ്ബി മുഖേന നിർമാണത്തിനായി ചെലവിട്ടത്. കിറ്റ്ക്കോ മുഖേനയായിരുന്നു നിർമാണം.

ദേശീയ നിലവാരത്തിലുളള മത്സരങ്ങൾ നടത്തുന്നതിന് പര്യാപ്തമായ എട്ട് ട്രാക്കുകളുള്ള 400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബാൾ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീർണമുളള വി.ഐ.പി ലോഞ്ച്, കളിക്കാർക്കും മാധ്യമ പ്രവർത്തകർക്കുമുളള ഓഫീസ് മുറികൾ, 9,400 ചതുരശ്ര അടി വിസ്തീർണമുളള ഹോസ്റ്റൽ കെട്ടിടം, പൊതു ശൗചാലയം, ജല വിതരണ സംവിധാനം, മഴവെളള സംഭരണം, 9,500 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് സ്റ്റേഡിയത്തിലുള്ളത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് 24ന് വൈകീട്ട് മൂന്നിന് എസ്.കെ.എം.ജെ സ്കൂൾ പരിസരത്തുനിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന വിളംബര ജാഥ നടത്തും.

ഉദ്ഘാടന ദിവസം അന്തർ ദേശീയ കായികതാരങ്ങളെ ഉൾപ്പെടുത്തി മാനന്തവാടി പഴശ്ശി പാർക്കിൽ നിന്നും ആരംഭിച്ച് മുണ്ടേരി സ്റ്റേഡിയം വരെ ദീപശിഖ പ്രയാണവും ഗ്രൗണ്ടിൽ വിവിധ കായിക ഇനങ്ങളുടെയും ആയോധന കലകളുടെയും പ്രദർശനവും സംഗീത വിരുന്നും ഉണ്ടായിരിക്കും.

ഒളിമ്പ്യൻമാരായ ഒ.പി ജയ്ഷ, ടി. ഗോപി, മഞ്ജിമ കുര്യാക്കോസ് എന്നിവർ ദീപശിഖയുമായി സ്റ്റേഡിയം വലംവെച്ച് മന്ത്രിക്ക് കൈമാറും. സംസ്ഥാന സ്പോർട്സ് കൗൺസിൽ കെ. റഫീഖ്, ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലിം കടവൻ, സെക്രട്ടറി എ.ടി. ഷൺമുഖൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - No more waiting-The district stadium will be handed over on 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.